മൊബൈൽ ഗെയിം കളിച്ച് 1.10 കോടി നഷ്ടമായി; ഒപ്പം പലിശക്കാരുടെ ഭീഷണിയും, യുപിയിൽ യുവാവ് ജീവനൊടുക്കി
പണമിടപാടുകാര്‍ നിരന്തരം സിങ്ങിനെ ശല്യപ്പെടുത്തിയിരുന്നതായി ഇളയ സഹോദരൻ ചന്ദ്രകേതു പറഞ്ഞു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ മൊബൈൽ ഗെയിം കളിച്ച് പണം നഷ്ടമായതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കോട്‌വാലി ദേഹത്ത് പ്രദേശത്തെ ജിരാസ്മി ഗ്രാമത്തിൽ നിന്നുള്ള യതേന്ദ്ര സിങ് എന്നയാളാണ് മരിച്ചത്. വിവിധ ഗെയിമുകളിലൂടെ ഇയാൾക്ക് 1.10 കോടി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ പലിശക്കാരും യതേന്ദ്ര സിങ്ങിനെ ഭീഷണിപ്പെടുത്തിയിരുന്നു. പണമിടപാടുകാര്‍ നിരന്തരം സിങ്ങിനെ ശല്യപ്പെടുത്തിയിരുന്നതായി ഇളയ സഹോദരൻ ചന്ദ്രകേതു പറഞ്ഞു. യതേന്ദ്ര പണമിടപാടുകാരിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും മെബൈൽ ഗെയിമുകള്‍ക്കായി ധൂര്‍ത്തടിച്ചിരുന്നു. കുടുംബം ഇതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചുകൊണ്ട് ഗെയിം കളിക്കുന്നത് തുടര്‍ന്നു.
മുമ്പ് ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന യതേന്ദ്ര, ഒരു ഫ്ലോര്‍ മിൽ നടത്തിയിരുന്നു. പ്രതിമാസം ഏകദേശം 15,000 രൂപ സമ്പാദിച്ചിരുന്നു. ഈ വരുമാനം അദ്ദേഹത്തിന്‍റെ വീട്ടുചെലവുകൾക്കും പണമിടപാടുകാർക്ക് പ്രതിമാസം നൽകേണ്ട 1.30 ലക്ഷം കടം തിരിച്ചടവുകൾക്കും പര്യാപ്തമായിരുന്നില്ല.
കഴിഞ്ഞ നാല് മാസത്തിനിടെ കടബാധ്യതയുമായി ബന്ധപ്പെട്ട സമ്മർദ്ദം മൂലം എറ്റയിൽ നടക്കുന്ന മൂന്നാമത്തെ മരണമാണിത്. മാർച്ച് 26 ന് ഭാഗിപൂർ ഗ്രാമത്തിലെ ഒരു യുവാവ് ആത്മഹത്യ ചെയ്തു, ജൂൺ 13 ന് അവഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗഡേസ്ര ഗ്രാമത്തിലെ ഒരു ഹോം ഗാർഡ് ആത്മഹത്യ ചെയ്തു, രണ്ടും അമിതമായ കടബാധ്യത മൂലമാണെന്ന് റിപ്പോർട്ടുണ്ട്. യതേന്ദ്രയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്തുന്നതിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
Adjust Story Font
16

