Quantcast

'ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമോയെന്ന് ഭയം'; വയോധികന്‍ ജീവനൊടുക്കി

കുട്ടിക്കാലത്ത് കൊല്‍ക്കത്തയില്‍ എത്തിയതാണ് ദിലീപ് കുമാര്‍

MediaOne Logo

Web Desk

  • Published:

    5 Aug 2025 3:53 PM IST

ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമോയെന്ന് ഭയം; വയോധികന്‍ ജീവനൊടുക്കി
X

കൊല്‍ക്കത്ത : ദേശീയ പൗരത്വ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കൊല്‍ക്കത്തയില്‍ വയോധികന്‍ ജീവനൊടുക്കി. ദിലീപ് കുമാര്‍ സാഹയാണ് (63) മരിച്ചത്.

കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ച് ഞായറാഴ്ചയാണ് അദ്ദേഹം ജീവനൊടുക്കിയത്. മരിച്ച ദിലീപ് കുമാര്‍ സാഹ 1972 ല്‍ ധാക്കയിലെ നവാബ്ഗഞ്ചില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗത്ത് കൊല്‍ക്കത്തയിലെ പ്രൈവറ്റ് സ്‌കൂളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.

'ഭാര്യ പലതവണ വാതിലില്‍ തട്ടി വിളിച്ചെങ്കിലും മുറിയില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അതിനെ തുടര്‍ന്ന് സമീപത്തെ വീട്ടില്‍ നിന്ന് ഭാര്യ മരുമകളെ വിളിക്കുകയായിരുന്നു. മരുമകളെത്തി വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ ദിലീപ് കുമാറിനെ കണ്ടെത്തിയത്,' പൊലീസ് പറഞ്ഞു.

കുറച്ചുനാളായി അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭര്‍ത്താവ് ഭയപ്പെട്ടിരുന്നതായി ദിലീപ് കുമാറിന്റെ ഭാര്യ ആരതി സാഹ പറഞ്ഞു.

'കുട്ടിക്കാലത്ത് കൊല്‍ക്കത്തയില്‍ എത്തിയതാണ്. ബംഗ്ലാദേശില്‍ അദ്ദേഹത്തിന് ആരുമില്ല. അദ്ദേഹത്തിന്റെ കയ്യില്‍ വോട്ടര്‍ ഐഡിയും മറ്റ് രേഖകളുമുണ്ട്. എന്നാലും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നു,' ഭാര്യ വ്യക്തമാക്കി.

ഈ ഭയമാണ് ദിലീപ് കുമാറിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും റൂമില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള ആത്മഹത്യ കുറിപ്പ് കിട്ടിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

TAGS :

Next Story