പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സൈബര്‍ ആക്രമണം; യുവാവ് ജീവനൊടുക്കി
ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷന് സമീപം ‘ഛത്രപതി സംഭാജിനഗർ’ എന്ന് എഴുതിയ ബോർഡിന് താഴെയാണ് മഹേഷും സുഹൃത്തും മൂത്രമൊഴിച്ചത്

Representation Image
മുംബൈ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ സ്വദേശിയായ മഹേഷ് അഥെ(28) ആണ് ജീവനൊടുക്കിയത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് യുവാവിന് നേരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. കൂടാതെ ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷന് സമീപം ‘ഛത്രപതി സംഭാജിനഗർ’ എന്ന് എഴുതിയ ബോർഡിന് താഴെയാണ് മഹേഷും സുഹൃത്തും മൂത്രമൊഴിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവ് നിരന്തരമായ ഭീഷണികളും ഉപദ്രവവും നേരിട്ടിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരുവരും പരസ്യമായി മാപ്പ് അപേക്ഷിച്ച് വീഡിയോ പുറത്തിറക്കിയെങ്കിലും മഹേഷിന് നേരെയുള്ള സൈബർ ആക്രമണങ്ങൾ തുടർന്നു.
ഇതിന് പിന്നാലെയാണ്, ജൽനയിലെ ധോക്മാൽ താണ്ഡയിലെ കൃഷിയിടത്തിൽ മഹേഷ് ജീവനൊടുക്കിയത്. അപമാനം സഹിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കും ഉപദ്രവിച്ചവർക്കുമെതിരെ കർശന നടപടി വേണമെന്ന് മഹേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പരാതിയിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
അതിനിടെ ഡൽഹിയിലെ റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് പുറത്ത് ഒരാൾ പരസ്യമായി മൂത്രമൊഴിക്കുന്നതിന്‍റെ വീഡിയോയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു വിദേശ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് വീഡിയോ പകർത്തിയത്. യുവാവിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.
Adjust Story Font
16

