ഡൽഹി മെട്രോ സ്റ്റേഷനിനുള്ളിൽ പരസ്യമായി മൂത്രമൊഴിച്ച് യുവാവ്; വ്യാപക പ്രതിഷേധം
തന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം

ഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുള്ളിൽ പരസ്യമായി മൂത്രമൊഴിക്കുന്ന യുവാവിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ വ്യാപക പ്രതിഷേധം. തന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
മെട്രോ സ്റ്റേഷനുള്ളിലെ ഒരു ഗ്ലാസ് പാനലിന് സമീപം ഒരാൾ മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ റെക്കോഡ് ചെയ്ത തിയതി വ്യക്തമല്ല. വീഡിയോ സോഷ്യൽമീഡിയയിൽ വലിയ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. യുവാവിന്‍റെ പൗരബോധത്തെ ചോദ്യം ചെയ്ത നെറ്റിസൺസ് കര്‍ശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. "അയാളുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത് ഒരു ആഴ്ച അതേ ചുമരിൽ തൂക്കിയിടുക. ഇവ കൈകാര്യം ചെയ്യാനുള്ള ഒരേയൊരു മാർഗം അതാണ്." ഒരു ഉപയോക്താവ് കുറിച്ചു. ഇത് ശിക്ഷാര്‍ഹമാണെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. താനും ഒരിക്കൽ സമാന സംഭവത്തിന് സാക്ഷിയായിട്ടുണ്ടെന്ന് ഒരു ഉപയോക്താവ് വെളിപ്പെടുത്തി.''രാത്രി ഏകദേശം 10 മണിയായിരുന്നു. ഒരാൾ എന്‍റെ മുന്നിലുള്ള പ്ലാറ്റ്‌ഫോമിൽ മൂത്രമൊഴിക്കാൻ തുടങ്ങി. അതിനുശേഷം, എനിക്ക് മറ്റ് മാർഗമില്ലെങ്കിൽ, ഞാൻ മെട്രോയിൽ യാത്ര ചെയ്യാറില്ല'' അയാൾ പറയുന്നു.
ആയിരക്കണക്കിന് പേരാണ് ദിവസവും ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നത്. ഒമ്പത് ലൈനുകളിലും എയർപോർട്ട് എക്സ്പ്രസ് ലൈനിലും റാപ്പിഡ് മെട്രോ ലൈനിലും ഉടനീളമുള്ള മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ശുചിമുറി സൗകര്യങ്ങളുണ്ട്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്‍റെ (ഡിഎംആർസി) ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, “മെട്രോ ട്രെയിനുകൾക്കുള്ളിൽ ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ല. എന്നിരുന്നാലും, പെയ്ഡ്/അൺപെയ്ഡ് ഏരിയകളിലെ മെട്രോ സ്റ്റേഷനുകളിൽ 'പേ & യൂസ്' അടിസ്ഥാനത്തിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്”
Adjust Story Font
16

