ബെംഗളൂരുവിലെ തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്ത് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു; 50 ലക്ഷം രൂപ നൽകണം, നഗരസഭക്കെതിരെ യുവാവിന്‍റെ പരാതി
മേയ് 14നാണ് നോട്ടീസ് അയച്ചത്

ബെംഗളൂരു: മെട്രോ നഗരമാണെങ്കിലും ഒരിക്കലും തീരാത്ത ഗതാഗതക്കുരുക്കും തകര്‍ന്ന റോഡുകളും ബെംഗളൂരുവിലെ ജനജീവിതം ദുസ്സഹമാക്കുകയാണ്. നഗരത്തിലെ ശോചനീയമായ റോഡുകൾ കാരണം തന്‍റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പരിക്കുകളേറ്റുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
റിച്ച്മോണ്ട് ടൗണിൽ താമസിക്കുന്ന ദിവ്യ കിരണാണ് തനിക്ക് കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡുകളിൽ ആവർത്തിച്ച് യാത്ര ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്നും ഇത് നിയമനടപടി സ്വീകരിക്കാൻ തന്നെ നിർബന്ധിതനാക്കിയെന്നും ആരോപിച്ചു. മേയ് 14നാണ് നോട്ടീസ് അയച്ചത്. ആരോഗ്യം മോശമായതു മൂലം അഞ്ച് തവണ ഓര്‍ത്തോ ഡോക്ടറെ കണ്ടതായും ആശുപത്രി സന്ദര്‍ശനങ്ങൾ പതിവാണെന്നും ചൂണ്ടിക്കാട്ടി. "ദീർഘകാലമായുള്ള വേദന കാരണം ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെട്ടിട്ടുണ്ട്," കിരണിന്‍റെ അഭിഭാഷകൻ പറഞ്ഞു. രോഗാവസ്ഥക്ക് മാത്രമല്ല, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ തടസങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകൾ നട്ടെല്ലിന്‍റെയും കഴുത്തിന്‍റെയും അവസ്ഥ വഷളാക്കിയതിനാൽ ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാൻ കഴിയില്ലെന്നും കിരൺ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ബിബിഎംപി മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ബിബിഎംപിക്ക് നൽകിയ നോട്ടീസിന് 10,000 രൂപ ചാർജായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിൽ ഈയിടെയുണ്ടായ കനത്ത മഴ നഗരത്തിലെ റോഡുകളെ താറുമാറാക്കിയിട്ടുണ്ട്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതുമൂലം ഗതാഗതം തടസപ്പെട്ടു. മറ്റ് നഗരവാസികളെപ്പോലെ കിരണും റോഡുകളുടെ ദുരവസ്ഥയെക്കുറിച്ച് അധികാരികൾക്ക് പലതവണ പരാതി നൽകിയിട്ടും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ലെന്ന് പറഞ്ഞു. "ഏറ്റവും ചെറിയ കുഴി പോലും അസഹനീയമായ വേദന ഉണ്ടാക്കും. ഞാൻ നികുതി അടയ്ക്കുന്ന ഒരു പൗരനാണ്. നമ്മുടെ ആരോഗ്യം നശിപ്പിക്കാത്ത റോഡുകൾ ആവശ്യപ്പെടുന്നത് തെറ്റാണോ," അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. "ആവശ്യമെങ്കിൽ ഞാൻ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യും. ഞാൻ എന്തിന് കഷ്ടപ്പെടണം? സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഞങ്ങൾക്ക് നല്ല റോഡുകൾ നൽകുക എന്നതാണ്," കിരൺ കൂട്ടിച്ചേര്‍ത്തു. നോട്ടീസിന് ബിബിഎംപി ഇതുവരെ മറുപടി നൽകിയിട്ടില്ല.
Adjust Story Font
16

