ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ചെലവായത് ഒരു ലക്ഷം രൂപ; പ്രണയം നിരസിച്ചതോടെ പണം തിരികെച്ചോദിച്ച് യുവാവ്
ആഡംബര കാറിലാണ് യുവാവ് യുവതിയെ മിഷെലിൻ-സ്റ്റാർ റസ്റ്റോറന്റിലേക്ക് കൊണ്ടുപോയത്

ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ധത്തിന് താത്പര്യമില്ലെന്ന് അറിയിച്ച യുവതിയോട് ചെലവായ പണം തിരികെ ആവശ്യപ്പെട്ട് യുവാവ്. ആഡംബര റസ്റ്റോറന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കായി ചെലവിട്ട 1,050 ഡോളർ (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ) തിരികെ നൽകണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എക്‌സിൽ പ്രചരിച്ചതോടെ വിഷയം വലിയ രീതിയിലുള്ള ഓൺലൈൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ പങ്കുവെച്ച സന്ദേശങ്ങളാണ് പുറത്തുവന്നത്. ഡേറ്റിങ് നല്ല അനുഭവമായിരുന്നെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രണയബന്ധത്തിന് താത്പര്യമില്ലെന്നും സുഹൃത്തുക്കളായി തുടരാമെന്നും യുവതി സന്ദേശത്തിലൂടെ യുവാവിനെ അറിയിക്കുകയായിരുന്നു. എന്നാൽ, ഇതിന് മറുപടിയായി കൂടിക്കാഴ്ചയ്ക്കായി താൻ ചെലവാക്കിയ 1,050 ഡോളർ യുവതി തിരികെ നൽകണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു.
Chivalry is dead. https://t.co/6xkoCZSDC1
— Raq (@raqisright) October 10, 2026
ആഡംബര കാറിലാണ് യുവാവ് യുവതിയെ മിഷെലിൻ-സ്റ്റാർ റസ്റ്റോറന്റിലേക്ക് കൊണ്ടുപോയത്. സർപ്രൈസ് ആയിട്ടായിരുന്നു ഈ കൂടിക്കാഴ്ച യുവാവ് ഒരുക്കിയത്. 'മാന്യത മരിച്ചുപോയി' എന്ന അടിക്കുറിപ്പോടെയാണ് ഇവരുടെ ചാറ്റ് വിവരങ്ങൾ പങ്കുവെക്കപ്പെട്ടത്.
സംഭവം പുറത്തുവന്നതോടെ ആധുനിക ഡേറ്റിങ് സംസ്‌കാരത്തെയും സാമ്പത്തിക ബാധ്യതകളെയും ചൊല്ലി സമൂഹമാധ്യമങ്ങളിൽ രണ്ട് ചേരികളായി വാദങ്ങൾ ഉയർന്നു. ആദ്യ ഡേറ്റിൽ ഇത്രയും വലിയ തുക ചെലവഴിക്കേണ്ടതില്ലായിരുന്നുവെന്നും നിരസിക്കപ്പെട്ടതിന് ശേഷം പണം തിരികെ ആവശ്യപ്പെട്ട യുവാവിന്റെ നടപടി ശരിയല്ലെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു ബന്ധം വിജയിച്ചില്ലെന്ന കാരണത്താൽ സ്വമേധയാ ചെയ്ത ചെലവ് കടമായി മാറില്ലെന്നും ഇവർ വാദിക്കുന്നു.
അതേസമയം, ചിലർ യുവാവിനെ അനുകൂലിച്ചും രംഗത്തെത്തി. ആഡംബര പൂർണമായ യാത്രയും ഭക്ഷണവും ആസ്വദിച്ച ശേഷം സുഹൃത്തുക്കളായി തുടരാമെന്ന് പറയുന്നത് നീതിയല്ലെന്ന് ഇവർ വാദിക്കുന്നു. കാര്യമായ പരിചയമില്ലാത്ത ആദ്യ കൂടിക്കാഴ്ചയ്ക്ക് മിഷെലിൻ-സ്റ്റാർ റസ്റ്റോറന്റ് തെരഞ്ഞെടുത്തത് വലിയ അബദ്ധമാണെന്നും ഒരു കോഫി ഷോപ്പിൽ തീർക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ എന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
Adjust Story Font
16

