Quantcast

മണാലിയില്‍ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു; മണിക്കൂറുകൾക്കകം 'മാലിന്യക്കൂമ്പാരമാക്കി' വിനോദസഞ്ചാരികൾ, വ്യാപക വിമര്‍ശനം

സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികൾ മാത്രം പോരെന്നും ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നില്ലെങ്കിൽ ഒരു കാര്യവുമില്ലെന്നും പലരും അഭിപ്രായപ്പെട്ടു

MediaOne Logo
മണാലിയില്‍ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു; മണിക്കൂറുകൾക്കകം മാലിന്യക്കൂമ്പാരമാക്കി വിനോദസഞ്ചാരികൾ, വ്യാപക വിമര്‍ശനം
X

മണാലി: വിനോദസഞ്ചാരികൾക്ക് ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാർ മണാലിയിൽ സ്ഥാപിച്ച പുതിയ മൊബൈൽ ചാർജിംഗ് സ്റ്റേഷൻ മണിക്കൂറുകൾക്കകം മാലിന്യക്കൂമ്പാരമായി മാറി. ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാൻ സൗകര്യമൊരുക്കിയ ഇടം ടൂറിസ്റ്റുകൾ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും ഉപേക്ഷിക്കാനുള്ള സ്ഥലമാക്കി മാറ്റുകയായിരുന്നു.

നിഖിൽ സൈനി എന്നയാള്‍ സോഷ്യല്‍ മീഡിയയായ എക്സിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. യുഎസ്ബി പോർട്ടുകൾക്കും ചാർജിംഗ് യൂണിറ്റിനും ചുറ്റും ചിപ്‌സ് കവറുകളും പ്ലാസ്റ്റിക് കുപ്പികളും കുന്നുകൂടി കിടക്കുന്ന ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിലുള്ളത്. 'ഹിമാചൽ സർക്കാർ ടൂറിസ്റ്റുകൾക്കായി ചാർജിംഗ് പോയിന്റ് സ്ഥാപിച്ചു, മണിക്കൂറുകൾക്കകം ജനങ്ങൾ അതിനെ ഒരു ചവറ്റുകൊട്ടയാക്കി മാറ്റി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഈ ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചു. സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികൾ മാത്രം പോരാ എന്നും ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ വേണമെന്നും ചിലർ ആവശ്യപ്പെട്ടു.

"ഡസ്റ്റ്ബിന്നുകൾ നിറഞ്ഞുകവിഞ്ഞതോ അല്ലെങ്കിൽ അവയുടെ കുറവോ കാരണമാണ് മാലിന്യം ഇങ്ങനെ പുറത്തിടുന്നതെങ്കിൽ, അത് കൃത്യമായി സംസ്കരിക്കുന്നതിനായി ഭരണകൂടം കൂടുതൽ ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കണം." എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

'താൻ സന്ദർശിച്ച രാജ്യങ്ങളിൽ വെച്ച് ഡസ്റ്റ്ബിന്നിന് ഉള്ളിലല്ലാതെ അതിന് ചുറ്റും മാലിന്യം കുന്നുകൂടുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് ഒരു ലോകസഞ്ചാരി പറയുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ഈ സംഭവം എന്നെ അത് വീണ്ടും ഓർമ്മിപ്പിച്ചു," മറ്റൊരു ഉപയോക്താവ് കുറിച്ചു.

പരിസ്ഥിതിലോലമായ ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകൾ പുലർത്തുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്ന് പ്രാദേശിക നിവാസികൾ ചൂണ്ടിക്കാട്ടുന്നു. പൊതുസൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിനോദസഞ്ചാരികൾ പുലർത്തേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.


TAGS :

Next Story