Quantcast

പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ; ബിഷപ്പും സഭാനേതൃത്വവും പരാതി മറച്ചുവെച്ചുവെന്ന് ആരോപണം

മം​ഗളൂരു സെന്റ് വിൻസെന്റ് ഫെറർ പള്ളിയിലെ വികാരിയായിരുന്ന ഫാദർ സിപ്രിയൻ പിന്റോയെയാണ് മംഗളൂരു സൗത്ത് പൊലീസ് ഒക്ടോബർ 17ന് ബന്ധുവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-10-20 13:51:35

Published:

20 Oct 2026 6:22 PM IST

പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ; ബിഷപ്പും സഭാനേതൃത്വവും പരാതി മറച്ചുവെച്ചുവെന്ന് ആരോപണം
X

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. വലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളിയിലെ വികാരിയായിരുന്ന ഫാദർ സിപ്രിയൻ പിന്റോയെയാണ് കർണാടകയിലെ മംഗളൂരു സൗത്ത് പൊലീസ് ഒക്ടോബർ 17ന് ബന്ധുവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ആരോപണങ്ങളെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പോക്‌സോ നിയമത്തിലെ വകുപ്പ് എട്ട്, 10, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 75(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫാദർ സിപ്രിയനെ അറസ്റ്റ് ചെയ്തത്.

കുട്ടികൾ പീഡനത്തിനിരയായ വിവരം രണ്ടുമാസം മുമ്പ് തന്നെ മംഗളൂരു ബിഷപ്പ് പീറ്റർ പോൾ സൽദാനയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് പോക്‌സോ നിയമത്തിലെ 19-ാം വകുപ്പ് കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. പീഡനത്തിനിരയായ അഞ്ച് കുട്ടികളും അവരുടെ മാതാപിതാക്കളും ആഗസ്റ്റ് 17-ന് ബിഷപ്പിനെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് നേരിട്ടറിയാവുന്ന ഉഡുപ്പി സ്വദേശി സതീഷ് (യഥാർഥ പേരല്ല) വെളിപ്പെടുത്തി. പള്ളിയിലെ സഹവികാരിയോടാണ് കുട്ടികൾ ആദ്യം കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് വിഷയം പള്ളിയിൽ ചർച്ചയാവുകയും വൈസ് പ്രസിഡന്റ് ഇടപെടുകയുമായിരുന്നു. തുടർന്ന് വൈസ് പ്രസിഡന്റ് റൊണാൾഡ് റോഡ്രിഗസിന്റെ നേതൃത്വത്തിലാണ് കുട്ടികളും രക്ഷിതാക്കളും ബിഷപ്പിനെ കാണാൻ എത്തിയത്.

പീഡനവിവരം ചൂണ്ടിക്കാട്ടി അഞ്ച് കുട്ടികളും ബിഷപ്പിന് പ്രത്യേകം കത്തുകൾ നൽകിയിരുന്നു. ഇതിൽ 14 വയസുള്ള ഒരു കുട്ടിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. മെയ് 26-ന് ഫാദർ സിപ്രിയൻ ഇടവകയിൽ എത്തിയതുമുതൽ സൗഹൃദം നടിച്ച് അടുക്കുകയും തുടർന്ന് മൂന്നു തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കുട്ടി കത്തിൽ വിവരിക്കുന്നത്. മറ്റൊരു കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ടതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കുട്ടികൾക്കെതിരായ ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർഥനയോടെയാണ് പരാതി അവസാനിക്കുന്നത്.

സഭാ തലത്തിലെ രഹസ്യ അന്വേഷണം

രക്ഷിതാക്കൾ ബിഷപ്പിനെ കണ്ടതിന് പിന്നാലെ സെപ്റ്റംബർ ഒമ്പതിന് ജുഡീഷ്യൽ വികാരി നവീൻ പിന്റോ, ഫാദർ മെൽവിൻ പെരസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ വിളിപ്പിച്ച് സഭാതലത്തിൽ രഹസ്യ അന്വേഷണം നടത്തിയതായി മൈസൂരു ആസ്ഥാനമായുള്ള ഒഡനാടി സേവാ സംസ്ഥെയുടെ സഹസ്ഥാപകനും ആക്ടിവിസ്റ്റുമായ കെ.വി സ്റ്റാൻലി ആരോപിച്ചു. മോന്തി ഫെസ്റ്റിവലിന് ശേഷം അന്വേഷണം നടത്താമെന്ന് ബിഷപ്പ് ഉറപ്പുനൽകിയിരുന്നതായും കുട്ടികളെയും രക്ഷിതാക്കളെയും വെവ്വേറെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം റിപ്പോർട്ട് വത്തിക്കാനിലേക്ക് അയച്ചതായും വിവരമുണ്ട്. ഇതിനിടെ ഫാദർ സിപ്രിയനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ, വിഷയം നിലവിൽ നിയമപാലകരുടെ അന്വേഷണ പരിധിയിലായതിനാലും പ്രതി കീഴടങ്ങിയതിനാലും പ്രത്യേക ആരോപണങ്ങളിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് മംഗളൂരു രൂപത പിആർഒ റൊണാൾഡ് കാസ്റ്റെലിനോ വ്യക്തമാക്കി. നിയമം അതിന്റെ വഴിക്ക് പോകുമെന്നും നീതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണവും തുടർനടപടികളും

ഫാദർ സിപ്രിയനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ നിർദേശിച്ച് ആഗസ്റ്റ് 31ന് ബെംഗളൂരുവിലെ കർണാടക ചൈൽഡ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് ദക്ഷിണ കന്നഡ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കത്തയച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ രണ്ടിന് ഡിസിപിയു മംഗളൂരു സൗത്ത് പൊലീസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി.

എന്നാൽ ലഭിച്ച കത്തുകളിൽ ഇരകളുടെ വിവരങ്ങൾ ഉണ്ടായിരുന്നില്ലെന്നും പള്ളിയിലെത്തിയ ഉദ്യോഗസ്ഥരോട് ആളുകൾ മോശമായി പെരുമാറിയെന്നും ഡിസിപിയു ഉദ്യോഗസ്ഥ വെളിപ്പെടുത്തി. തുടർന്ന് പൊലീസ് പള്ളിയിലെത്തി ഫാദർ സിപ്രിയൻ ഉൾപ്പെടെയുള്ള മൂന്ന് വൈദികരുടെ മൊഴിയെടുത്ത് സെപ്റ്റംബർ 15-ന് ഡിസിപിയുവിന് റിപ്പോർട്ട് കൈമാറിയിരുന്നു.

കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്ന് ആക്ടിവിസ്റ്റ് സ്റ്റാൻലി ആവശ്യപ്പെട്ടു. പരാതി നൽകുന്നതിൽ കാലതാമസം ഉണ്ടായോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി വ്യക്തമാക്കി. ബിഷപ്പിന്റെ ഉപദേശപ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.

TAGS :

Next Story