മംഗളൂരുവിലെ ആൾക്കൂട്ടക്കൊല; അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

ബംഗളൂരു: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് കൈമാറി.
ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിനൊപ്പം മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ. അഷ്റഫ് വേങ്ങര ആക്ഷൻ കമ്മിറ്റി കൺവീനർ നാസർ വേങ്ങര എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണ്. ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി എന്നിവരും സംബന്ധിച്ചു.
അഷ്‌റഫിന്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നീ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പുറത്തിറക്കിയ മലയാളം പരിഭാഷ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Adjust Story Font
16

