Quantcast

മണിപ്പൂർ വെടിവെപ്പ്: സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചു

തൗബാലിൽ മുസ്‌ലിം വിഭാഗമായ അഞ്ച് മെയ്തെയ് പംഗലുകളെ വെടിവെച്ചു കൊന്ന കേസിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2024-01-04 11:05:46.0

Published:

4 Jan 2024 11:03 AM GMT

മണിപ്പൂർ വെടിവെപ്പ്: സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചു
X

ഇംഫാൽ: തൗബാലിൽ മുസ്‌ലിം വിഭാഗമായ അഞ്ച് മെയ്തെയ് പംഗലുകളെ വെടിവെച്ചു കൊന്ന കേസിൽ സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചു. തൗബാൽ മേഖലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥാനായ രാകേഷ് ബൽവാലാണ് സ്​പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിനെ സർക്കാർ നിയമിച്ച കാര്യം വെളിപ്പെടുത്തിയത്. സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ മുഹമ്മദ് റിയാസുദ്ദീൻ ഷാ ആണ് ടീമിനെ നയിക്കുക.

തിങ്കളാഴ്ചയാണ് പംഗലുകൾക്ക് നേരെ പൊലീസ് വേഷത്തിലെത്തിയ ആയുധധാരികൾ വെടി​വെച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് അബ്ദുൽ രാജാഖ് ബുധനാഴ്ചയാണ് മരിച്ചത്.വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.

പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ)യുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷനറി പീപ്പിൾസ് ഫ്രന്റ് (ആർ.പി.എഫ്) പ്രവർത്തകരാണ് ലിലോങ് ചിങ്ജാവോ പ്രദേശത്ത് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. യു.എ.പി.എ പ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണിത്.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്ക് നേരെ ഇതാദ്യമായാണ് ആക്രമണം. അതുകൊണ്ട് വിഷയം ഗൗരവമായി സർക്കാർ അന്വേഷിക്കണം എന്നാണ് ആവശ്യം. അ​തെ സമയം കലാപം തുടരുന്ന മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസും കേന്ദ്രസേനയും.കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളിലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷവും കൊലപാതകം ഉണ്ടായതോടെ കർശന ജാഗ്രത പുലർത്താനാണ് സർക്കാർ പൊലീസിനും കേന്ദ്രസേനക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. സംഘർഷങ്ങൾ തടയാൻ ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വാഹന പരിശോധനകൾ ഉൾപ്പെടെ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

എട്ടുമാസമായി മണിപ്പൂരിൽ തുടർന്ന് സംഘർഷത്തിൽ സർക്കാർ കണക്കിൽ 180 പേർ മരിക്കുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

TAGS :

Next Story