Quantcast

''ബി.ജെ.പിയിൽ ചേർന്നാൽ കേസുകൾ അവസാനിപ്പിക്കാമെന്ന് ഓഫർ ലഭിച്ചു''; വെളിപ്പെടുത്തലുമായി മനീഷ് സിസോദിയ

തല വെട്ടിയാലും അഴിമതിക്കാരുടെ മുന്നിൽ തലകുനിക്കില്ലെന്ന് സിസോദിയ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-08-22 06:57:27.0

Published:

22 Aug 2022 6:56 AM GMT

ബി.ജെ.പിയിൽ ചേർന്നാൽ കേസുകൾ അവസാനിപ്പിക്കാമെന്ന് ഓഫർ ലഭിച്ചു; വെളിപ്പെടുത്തലുമായി മനീഷ് സിസോദിയ
X

ന്യൂഡൽഹി: മദ്യനയത്തിലും ബാർ ലൈസൻസിലും സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബി.ജെ.പിക്കെതിരെ പ്രത്യാക്രമണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനം തനിക്കു ലഭിച്ചിരുന്നുവെന്ന സിസോദിയ വെളിപ്പെടുത്തി. എന്നാൽ, തലവെട്ടിയാലും ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുൻപിൽ കീഴടങ്ങില്ലെന്നാണ് താൻ അവരോട് വ്യക്തമാക്കിയിരിക്കുന്നതെന്ന് സിസോദിയ പറഞ്ഞു.

കേസ് ഒതുക്കിത്തീർക്കാനുള്ള വാഗ്ദാനവുമായി ബി.ജെ.പി നേതാക്കൾ സമീപിച്ച വിവരം ട്വിറ്ററിലൂടെയാണ് മനീഷ് സിസോദിയ പുറത്തുവിട്ടത്. ആം ആദ്മിയെ തകർത്ത് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ മുഴുവൻ സി.ബി.ഐ, ഇ.ഡി കേസുകളും അവസാനിപ്പിക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് സിസോദിയ വെളിപ്പെടുത്തി.

''ബി.ജെ.പിക്കുള്ള എന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാൻ രജ്പുത് വംശജനും മഹാറാണ പ്രതാപിന്റെ പിൻഗാമിയുമാണ്. തലവെട്ടിയാലും ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുൻപിൽ കീഴടങ്ങില്ല. എനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണ്. നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്‌തോളൂ...'' ട്വീറ്റിൽ സിസോദിയ തുടർന്നു.

സിസോദിയയുടെ ആരോപണത്തെ പിന്തുണച്ച് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജും രംഗത്തെത്തി. എതിർപാർട്ടികളിലെ നേതാക്കളെ ഭീഷണിപ്പെടുത്തി പുറത്തെത്തിച്ച ശേഷം അവർക്കെതിരായ കേസുകളും അന്വേഷണങ്ങളും അവസാനിപ്പിച്ചതിന്റെ 30ലേറെ തെളിവുകൾ കൈയിലുണ്ടെന്ന് സൗരഭ് പറഞ്ഞു.

മദ്യനയ അഴിമതിക്കേസിലാണ് സിസോദിയയ്‌ക്കെതിരെ സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങൾ നടക്കുന്നത്. അദ്ദേഹത്തിൻരെ വസതിയിലും ഓഫീസുകളിലും അന്വേഷണ സംഘങ്ങളുടെ റെയ്ഡ് നടന്നിരുന്നു. 14 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ മനീഷ് സിസോദിയയുടെ കംപ്യൂട്ടറും ഫോണും പിടിച്ചെടുത്താണ് നേരത്തെ സി.ബി.ഐ സംഘം മടങ്ങിയത്. കേസിൽ സിസോദിയയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

മദ്യലോബിയെ സഹായിക്കുന്നതിനായി നയത്തിൽ മാറ്റംവരുത്തിയെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. മലയാളികളായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരും കേസിൽ പ്രതികളാണ്. ഇവർ മുഖേന സിസോദിയയുടെ സഹായികൾ കോടിക്കണക്കിനു രൂപ സ്വന്തമാക്കിയെന്നാണ് കേസ്.

Summary: Delhi's Deputy Chief Minister Manish Sisodia, charged by the CBI over allegations linked to a liquor policy, claimed the BJP had offered to shut all cases against him if he quit the AAP

TAGS :

Next Story