Quantcast

പല ബി.ജെ.പി എം.എല്‍.എമാരും അസംതൃപ്തരാണ്, അവര്‍ ഭയം കാരണം പുറത്തുപറയുന്നില്ല: പങ്കജ മുണ്ടെ

ബി.ജെ.പി നേതൃത്വം പങ്കജ മുണ്ടെയുമായി സംസാരിക്കും. അവർ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്ന് കരുതുന്നുവെന്ന് ഫഡ്‌നാവിസ്

MediaOne Logo

Web Desk

  • Updated:

    2023-07-08 03:29:29.0

Published:

8 July 2023 3:23 AM GMT

Many BJP MLAs Dissatisfied says Pankaja Munde
X

Pankaja Munde

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എമാരില്‍ പലരും അസംതൃപ്തരാണെന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. പലര്‍ക്കും ഇക്കാര്യം പുറത്തുപറയാന്‍ ഭയമാണ്. താന്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും പാര്‍ട്ടിയില്‍ നിന്ന് രണ്ടു മാസത്തെ അവധിയെടുക്കുകയാണെന്ന് പങ്കജ മുണ്ടെ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബി.ജെ.പിയുമായി കൈകോര്‍ത്തതിനു പിന്നാലെയാണ് ഈ സംഭവ വികാസങ്ങള്‍. എന്‍.സി.പിയോട് ദീര്‍ഘകാലം പോരാടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇരു പാര്‍ട്ടികളും തമ്മിലെ സഖ്യം ഉടന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ് ഫഡ്നാവിസ് പ്രതികരിച്ചു. ബി.ജെ.പി നേതൃത്വം പങ്കജ മുണ്ടെയുമായി സംസാരിക്കും. പങ്കജ പാര്‍ട്ടിയുടെ ദേശീയ നേതാവാണ്. അവർ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്ന് കരുതുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം താന്‍ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയെന്ന് വാർത്ത നൽകിയ ചാനലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് പങ്കജ മുണ്ടെ പറഞ്ഞു- ''ഞാൻ രണ്ട് തവണ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടുവെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുകയാണെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് തീർത്തും തെറ്റാണ്. ഒരു പാർട്ടിയുടെയും ഒരു നേതാവുമായും അവരുടെ പാർട്ടിയിലേക്കുള്ള എന്‍റെ പ്രവേശനം സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്ന് ഞാൻ സത്യം ചെയ്യുന്നു. ഞാൻ ഉടൻ തന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ഞാൻ ദീൻദയാൽ ഉപാധ്യായയുടെയും അടൽ ബിഹാരി വാജ്‌പേയി ജിയുടെയും ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാഷ്ട്രീയത്തിൽ വന്നത്. പല രാഷ്ട്രീയ പാർട്ടികളും എന്നെ ക്ഷണിച്ചിട്ടുണ്ട്. അതിനോടൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ല. ഞാൻ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കോടതിയില്‍ മറുപടി പറയേണ്ടിവരും. കഴിഞ്ഞ 20 വർഷമായി ഞാൻ ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നു''- പങ്കജ വിശദമാക്കി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങളെ സൂചിപ്പിച്ചുകൊണ്ട്, ഈ ദിവസങ്ങളിൽ 'പുതിയ പരീക്ഷണങ്ങൾ' നടക്കുന്നുണ്ടെന്നും പങ്കജ മുണ്ടെ പറഞ്ഞു. ബി.ജെ.പിക്ക് 105 എം.എൽ.എമാരുണ്ട്. അവരിൽ പലരും അതൃപ്തരാണ്, പക്ഷേ ഭയം കാരണം അവര്‍ക്ക് പുറത്തുപറയാൻ കഴിയുന്നില്ലെന്ന് പങ്കജ മുണ്ടെ പറഞ്ഞു.

പാർട്ടിയുടെ തീരുമാനങ്ങൾ താൻ എല്ലായ്‌പ്പോഴും അംഗീകരിച്ചിരുന്നുവെന്നും ആരെയും പുറകിൽ നിന്ന് കുത്തിയിട്ടില്ലെന്നും പങ്കജ മുണ്ടെ പറഞ്ഞു- "2019ൽ തോറ്റപ്പോള്‍ മുതൽ, ഓരോ തവണയും എം.എൽ.സി തെരഞ്ഞെടുപ്പോ രാജ്യസഭാ തെരഞ്ഞെടുപ്പോ ഉണ്ടാകുമ്പോൾ, ഞാൻ അസന്തുഷ്ടയാണെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്. എം.എൽ.സി തെരഞ്ഞെടുപ്പില്‍ നോമിനേഷൻ സമർപ്പിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കൊടുക്കരുതെന്ന് എന്നോട് പറഞ്ഞു. പാർട്ടിയുടെ തീരുമാനം പൂർണഹൃദയത്തോടെയാണ് ഞാൻ സ്വീകരിച്ചത്. ഞാൻ ഒരിക്കലും ആർക്കെതിരെയും വ്യക്തിപരമായ ആക്രമണം നടത്തുകയോ ആരുടെയും പുറകിൽ നിന്ന് കുത്തുകയോ ചെയ്തിട്ടില്ല.

ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരിക്കലും മടിക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്ന് പങ്കജ മുണ്ടെ വ്യക്തമാക്കി. രണ്ട് മാസത്തെ അവധിയെടുക്കുകയാണ്. ആത്മപരിശോധന നടത്തുമെന്നും അവര്‍ വിശദീകരിച്ചു. കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ വനിതാ ശിശുവികസന മന്ത്രിയായിരുന്നു.

Summary- BJP National Secretary Pankaja Munde claimed that several BJP MLAs in Maharashtra are dissatisfied and are afraid to speak out.

TAGS :

Next Story