Quantcast

'അക്രമികളെ പിടികൂടണം' പൊലീസ് സ്റ്റേഷനിലേക്ക് ജെ.എൻ.യു വിദ്യാർഥികളുടെ മാർച്ച്

'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് കല്ലേറുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-01-24 20:11:43.0

Published:

24 Jan 2023 7:11 PM GMT

JNU, bbc documentary,students march
X

വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാർഥികള്‍ മാർച്ച് നടത്തുന്നു

ന്യൂഡല്‍ഹി: ജെ.എൻ.യുവിൽ വിദ്യാർഥികൾക്കു നേരെ കല്ലെറിഞ്ഞവരെ പിടികൂടാത്തതിൽ പ്രതിഷേധം. വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നു. 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയായിരുന്നു കല്ലേറ്. കല്ലേറില്‍ നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ സ്‌ക്രീനിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായില്ല. ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും ഡോക്യുമെന്ററി കണ്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു. വൈദ്യുതിക്ക് പുറമെ ജെഎൻയുവിലെ ഇന്‍റർനെറ്റ് ബന്ധവും വിച്ഛേദിച്ചു.

ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

'2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എൻ.യു.എസ്.യുവിൻറെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്‌സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാർഥികൾ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കിൽ യൂണിവേഴ്‌സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും'- എന്നാണ് രജിസ്ട്രാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

അതേസമയം ഇന്ത്യൻ സമയം പുലർച്ചെ 2.30 നാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം. ഗുജറാത്തിൽ അധികാരം നിലനിർത്താൻ നരേന്ദ്ര മോദി ന്യൂനപക്ഷങ്ങൾക്ക് എതിരെ സ്വീകരിച്ച നിലപാടുകളാണ് ഡോക്യുമെന്റിയുടെ ഉള്ളടക്കം എന്നാണ് സൂചന. രണ്ടാം ഭാഗം എത്തുന്ന പശ്ചാത്തലത്തിൽ ജാഗ്രതയിലാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം. സമൂഹ മാധ്യമങ്ങളിൽ നിന്ന് ആദ്യ ഭാഗം നീക്കം ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് പുരാണങ്ങൾ പറയുന്നു എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചുരാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. അതേസമയം ഡോക്യുമെന്ററിയെ അനുകൂലിക്കുന്നവർ കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല എന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു വിമർശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും യുവജന,വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പലയിടങ്ങളിലും പ്രതിഷേധവുമായി ബിജെപി - യുവമോർച്ച പ്രവർത്തകർ എത്തിയത് സംഘർഷത്തിനിടയാക്കി. തിരുവനന്തപുരം പൂജപ്പുരയിൽ പ്രതിഷേധക്കാർക്ക് നേരെ അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. കാലടി സർവകലാശാലയിലെ പ്രദർശനത്തിനെതിരെയും പ്രതിഷേധമുണ്ടായി. എന്നാൽ കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലയിലും കണ്ണൂർ സർവ്വകലാശാലയിലും പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി.

TAGS :

Next Story