Quantcast

'പെരിയാർ ഫോർ ഫലസ്തീൻ'; ഫലസ്തീൻ ഐക്യദാർഢ്യവുമായി ചെന്നൈയിൽ ബഹുജന പ്രക്ഷോഭം

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തിൽ വിടുതലൈ ചിരുതൈകൾ കച്ചി നേതാവും എംപിയുമായ തോൽ തിരുമാവളവൻ, എംഎൽഎ തനിയരശു, മണിത്തനേയ മക്കൾ പാർട്ടി നേതാവ് ജവാഹിറുല്ല, മനുഷ്യാവകാശ പ്രവർത്തകൻ തിരുമുരുകൻ ഗാന്ധി, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, സംവിധായകൻ വെട്രിമാരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2025-09-20 09:10:06.0

Published:

20 Sept 2025 2:33 PM IST

പെരിയാർ ഫോർ ഫലസ്തീൻ; ഫലസ്തീൻ ഐക്യദാർഢ്യവുമായി ചെന്നൈയിൽ ബഹുജന പ്രക്ഷോഭം
X

ചെന്നൈ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷൻ സെപ്റ്റംബർ 19 വെള്ളിയാഴ്ച ചെന്നൈയിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക, മത സംഘടനകൾ റാലിയിൽ പങ്കുചേർന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തിൽ വിടുതലൈ ചിരുതൈകൾ കച്ചി നേതാവും എംപിയുമായ തോൽ തിരുമാവളവൻ, എംഎൽഎ തനിയരശു, മണിത്തനേയ മക്കൾ പാർട്ടി നേതാവ് ജവാഹിറുല്ല, മനുഷ്യാവകാശ പ്രവർത്തകൻ തിരുമുരുകൻ ഗാന്ധി, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, സംവിധായകൻ വെട്രിമാരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

പെരിയാർ, അംബേദ്കർ, മാർക്സ് എന്നിവരുടെ രാഷ്ട്രീയ അടിത്തറയിൽ സ്ഥാപിതമായ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ കീഴിലാണ് ഫലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ചതെന്ന് സംഘാടകരിൽ ഒരാളായ തിരുമുരുകാൻ ഗാന്ധി മീഡിയവണിനോട് പറഞ്ഞു. അടിച്ചമർത്തപ്പെട്ട ജനതക്ക് വേണ്ടി സംസാരിക്കുന്ന ഈ കൂട്ടായ്മ 2018 മുതൽ വ്യത്യസ്ത അവകാശ പോരാട്ടങ്ങൾ നടത്തി വരുകയാണെന്നും അദേഹം പറഞ്ഞു.

'മനുഷ്യത്വത്തിനു വേണ്ടി സംസാരിക്കുന്നവരുടെ ഒത്തുചേരലാണിത്.ഇത്തരമൊരു യോഗത്തിന്റെ ആവശ്യകത എന്താണെന്ന് ചിലർ ചോദിക്കുന്നു, അനീതിക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയമാണെങ്കിൽ ഇത് രാഷ്ട്രീയമാണ്, ഞങ്ങൾ അതിന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും.' ചടങ്ങിൽ സംസാരിച്ച നടൻ പ്രകാശ് രാജ് പറഞ്ഞു. തുടർന്ന് അദ്ദേഹം ഫലസ്തീൻ കവികളായ മഹ്മൂദ് ദർവിശിന്റെയും മർവാൻ മഖൂലിന്റെയും കവിതകൾ ചൊല്ലി:

'യുദ്ധങ്ങൾ അവസാനിക്കും നേതാക്കൾ കൈകൊടുത്ത് പിരിയും. എന്നാൽ എവിടെയോ ഒരു വൃദ്ധയായ അമ്മ തന്റെ മകന് വേണ്ടി കാത്തിരിക്കും, ഒരു ഭാര്യ ഭർത്താവിനെ കാത്തിരിക്കും, കുട്ടികൾ അവരുടെ പിതാവിനെ കാത്തിരിക്കും. അതാണ് സത്യം. ആരാണ് ഈ ഭൂമി ഉപേക്ഷിച്ചതെന്ന് നമുക്കറിയില്ലായിരിക്കാം, പക്ഷേ ആരാണ് അതിന് വില നൽകിയതെന്ന് നമുക്കറിയാം.' (മഹ്മൂദ് ദർവിശ്)

'എന്റെ കവിതകൾ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാകണമെങ്കിൽ,

ഞാൻ പക്ഷികളുടെ ശബ്ദം കേൾക്കണം.

പക്ഷേ, പക്ഷികളുടെ ശബ്ദം കേൾക്കണമെങ്കിൽ,

ആദ്യം യുദ്ധവിമാനങ്ങളുടെ ഇരമ്പൽ നിശബ്ദമാക്കണം.'

(മർവാൻ മഖൂൽ)

ഫലസ്തീന് നേരെ നടക്കുന്ന അനീതിക്ക് ഇസ്രായേൽ മാത്രമല്ല ഉത്തരവാദിയെന്നും അമേരിക്കയും മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണെന്നും പ്രകാശ് രാജ് പറഞ്ഞു. 'നമ്മുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുമ്പോൾ നാം അതിൽ നിശബ്ദത പാലിച്ചാൽ അത് കൂടുതൽ വഷളാകും. അതുപോലെ ഒരു രാഷ്ട്രത്തിന് മുറിവ് ഏൽക്കുകയും നമ്മൾ നിശബ്ദത പാലിക്കുകയും ചെയ്താൽ ആ നിശബ്ദത ആ രാഷ്ട്രത്തെ കൂടുതൽ മുറിവേൽപ്പിക്കും.' പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ഫലസ്തീന് വിഷയം പരിഹരിക്കുന്നതിന് വേണ്ടി ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്ന് തമിഴ് നടൻ സത്യരാജ് ആവശ്യപ്പെട്ടു. കൊലപാതകങ്ങൾ തടയാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യർ വിമോചനത്തിനായി പോരാടുമ്പോഴെല്ലാം വംശഹത്യ നടക്കുന്നു.' സത്യരാജ് പറഞ്ഞു. 'ഇത്തരം പരിപാടികളിൽ പങ്കെടുക്കുക എന്നത് എന്നെപ്പോലുള്ള കലാകാരന്മാരുടെ കടമയാണ്. നമ്മുടെ പ്രശസ്തി മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നില്ലെങ്കിൽ ജനപ്രിയ അഭിനേതാക്കളായിരിക്കുന്നതുകൊണ്ട് പ്രയോജനമില്ല.' സത്യരാജ് കൂട്ടിച്ചേർത്തു.

തോൽ തിരുമാവളവൻ, മനുഷ്യാവകാശ പ്രവർത്തകൻ തിരുമുരുകൻ ഗാന്ധി തുടങ്ങിയ നേതാക്കളെ സത്യരാജ് പ്രശംസിച്ചു. അവരാണ് 'യഥാർഥ ഹീറോകൾ' എന്നും താനും മറ്റ് നടന്മാർരൊക്കെയും 'നിഴൽ ഹീറോകൾ' മാത്രമാണെന്നും സത്യരാജ് വിശേഷിപ്പിച്ചു. അനീതിക്കെതിരെ എല്ലാവരും ഒന്നിക്കണമെന്നും തന്റെ പ്രസംഗത്തിൽ സത്യരാജ് അഭ്യർഥിച്ചു.

ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ സംവിധായകൻ വെട്രി മാരൻ അപലപിച്ചു. ഫലസ്തീനിൽ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കുകയാണെന്നും പലരുടെയും ഉപജീവനമാർഗമായ ഒലിവ് മരങ്ങൾ നശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചിൽ ഒരാൾ പട്ടിണി മൂലം മരിക്കുന്നതായും അഞ്ചിൽ ഒരു കുട്ടി പോഷകാഹാരക്കുറവ് മൂലം മരിക്കുന്നതായും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഗസ്സ ക്ഷാമബാധിത പ്രദേശമായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഈ വംശഹത്യയെ അപലപിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പോരാടുക എന്നതാണ് പെരിയാറിന്റെ രാഷ്ട്രീയം എന്ന് റാലിയിൽ സംസാരിച്ച വിസികെ എംപി തോൽ തിരുമാവളവൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന പെരിയാറിന്റെ രാഷ്ട്രീയത്തിന്റെ ഈ മനോഭാവമാണ് റാലി പ്രകടമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സാമ്രാജ്യത്വത്തെയും ഇസ്രായേലി സയണിസത്തെയും തിരുമാവളവൻ അപലപിച്ചു. ഫലസ്തീന്റെ വിമോചനത്തിനും ഇസ്രായേലി ആധിപത്യം തകർക്കുന്നതിനും വേണ്ടി റാലി ശക്തമായി ശബ്ദമുയർത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫലസ്തീനിൽ ചിതറിക്കിടക്കുന്ന ജൂത ജനതയെ പാർപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാർ ഇസ്രായേലിനെ ഒരു അധിനിവേശ പ്രദേശമായി സൃഷ്ടിച്ചുവെന്നും അദേഹം പറഞ്ഞു.

ഗസ്സയിലെ കൊലപാതകങ്ങളെ വംശഹത്യയായി അംഗീകരിക്കാൻ ഐക്യരാഷ്ട്രസഭ രണ്ട് വർഷമെടുത്തുവെന്നും മുള്ളിവയ്ക്കൽ കൂട്ടക്കൊലയെ ഇന്നുവരെ അവർ അംഗീകരിച്ചിട്ടില്ലെന്നും തിരുമാവളവൻ ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദം മുമ്പ് ആക്രമണങ്ങൾ നടന്നപ്പോൾ യുഎസ് ഇസ്രായേലിന് ഉടനടി സൈനിക സഹായം നൽകിയിരുന്നെങ്കിലും ഇന്ന് 193 രാജ്യങ്ങൾ ഗസ്സയിലെ വംശഹത്യയെ അപലപിച്ചിട്ടും ഒരു രാജ്യവും യഥാർഥ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹമാസിനെ ഒരു ഭീകര സംഘടനയല്ല മറിച്ച് വിമോചന പ്രസ്ഥാനമാണെന്നും ഹമാസിനെ ഭീകരവാദിയെന്ന് വിളിക്കുന്ന രാജ്യങ്ങൾ തന്നെ ഭീകര രാഷ്ട്രങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രായേലിനെ വംശഹത്യ രാഷ്ട്രമായി പ്രഖ്യാപിക്കുമ്പോൾ തന്നെ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Photo Credits: Periyar Consciousness Federation

TAGS :

Next Story