ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: സഹപാഠി അറസ്റ്റിൽ; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ്
ഒഡിഷയിലെ ജലേശ്വർ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ വെള്ളിയാഴ്ച രാത്രിയാണ് ദുർഗാപൂർ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് പുറത്ത് വെച്ച് പ്രതികൾ ശാരീരികമായി ഉപദ്രവിക്കുന്നത്

Photo: Special arrangement
കൊൽക്കത്ത: ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സഹപാഠി അറസ്റ്റിൽ. വിദ്യാർഥിനിക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയ സഹപാഠിയാണ് ഇന്നലെ പിടിയിലായത്. മജിസ്ട്രേട്ടിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ ആറുപേരാണ് അറസ്റ്റിലായത്.
ഒഡിഷയിലെ ജലേശ്വർ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച രാത്രിയാണ് ദുർഗാപൂർ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് പുറത്ത് വെച്ച് പ്രതികൾ ശാരീരികമായി ഉപദ്രവിക്കുന്നത്. ഞായറാഴ്ച ദുർഗാപൂർ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
'വിദ്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ച ഒരാളെ കൂടി ഞങ്ങൾ അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ പിടികൂടിയ അഞ്ച് പേരുടെ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും.' ദുർഗാപൂർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ അയൽ സംസ്ഥാനമായ ഒഡിഷ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. കുറ്റവാളികളെ എത്രയും വേഗത്തിൽ പിടികൂടണമെന്നും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആവശ്യപ്പെട്ടു. ഒഡിഷ സംസ്ഥാന വനിതാ കമ്മീഷൻ (ഒഎസ്‌സിഡബ്ല്യു) ചെയർപേഴ്‌സൺ സോവന മൊഹന്തി ബംഗാളിലെത്തി അതിജീവിതയുമായി ഇന്നലെ സംസാരിച്ചു. അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും മാതാപിതാക്കളെ കാണുകയും പ്രാദേശിക പൊലീസുമായി ചർച്ച നടത്തുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പെൺകുട്ടിയുടെ സുരക്ഷയിൽ തന്റെ സർക്കാരിന്റെ പേര് വലിച്ചിഴക്കരുതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും പെൺകുട്ടികൾ സ്വയം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
Adjust Story Font
16

