Quantcast

'കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരണം'; ലഫ്റ്റനന്റ് ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ മെഹ്ബൂബ മുഫ്തി

തിരിച്ചുവരുന്ന പണ്ഡിറ്റുകൾക്ക് സർക്കാർ ഭൂമിയും നിയമസഭയിൽ സീറ്റ് സംവരണവും നൽകണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    2 Jun 2025 8:57 PM IST

Mehbooba bats for bringing Kashmiri Pandits back to Valley
X

ശ്രീനഗർ: മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കൂടിക്കാഴ്ചയിൽ മെഹ്ബൂബ ആവശ്യപ്പെട്ടു. അഞ്ച് വർഷമായി ലഫ്റ്റനന്റ് പദവിയിൽ തുടരുന്ന മനോജ് സിൻഹയുമായി ആദ്യമായാണ് മെഹ്ബൂബ കൂടിക്കാഴ്ച നടത്തുന്നത്.

കശ്മീരി പണ്ഡിറ്റ് സമൂഹം തിരിച്ചുവരാതെ ഒരു രാഷ്ട്രീയ പ്രക്രിയയും പൂർണമാവില്ലെന്ന് മെഹ്ബൂബ പറഞ്ഞു. സ്വന്തം നാട്ടിൽ നിന്ന് ദാരുണമായി കുടിയിറക്കപ്പെട്ട നമ്മുടെ പണ്ഡിറ്റ് സഹോദരീ സഹോദരൻമാർക്ക് അന്തസ്സോടെയും സുരക്ഷിതമായും സുസ്ഥിരമായും മടങ്ങിവരാനുള്ള അവസരം നൽകേണ്ടത് ധാർമികമായ അനിവാര്യതയും സാമൂഹിക ഉത്തരവാദിത്തവുമാണ് എന്നും അവർ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനായി ഭരണകൂടത്തിന് സ്വീകരിക്കാവുന്ന ശ്രമങ്ങൾ വിശദീകരിക്കുന്ന ഒരു നിവേദനം മെഹ്ബൂബ ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറി. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും താൻ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് സാധ്യമാകുന്ന നടപടികൾ സ്വീകരിക്കാമെന്ന് ലഫ്റ്റനന്റ് ഗവർണർ സമ്മതിച്ചതായും അവർ പറഞ്ഞു.

പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നത് സുസ്ഥിരമാവണമെന്നും അതിന് എല്ലാ തലങ്ങളും ഉൾക്കൊള്ളുന്ന ഒരു സമീപനം ആവശ്യമാണെന്നും മെഹ്ബൂബ ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറിയ രേഖയിൽ പറയുന്നുണ്ട്. കുടിയിറക്കപ്പെട്ട പണ്ഡിറ്റുകൾ തിരിച്ചുവരുമ്പോൾ അവരുടെ ജന്മദേശത്ത് അവർക്ക് സർക്കാർ ഭൂമി പതിച്ചുനൽകണം. രാഷ്ട്രീയ ശാക്തീകരണത്തിനായി രണ്ട് നിയമസഭാ സീറ്റുകളിൽ പണ്ഡിറ്റുകൾക്ക് സംവരണം ചെയ്യണം. നിലവിലുള്ള ദുരിതാശ്വാസ, പുനരധിവാസ വകുപ്പിനെ സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനമാക്കി മാറ്റണമെന്നും വിശാലവും സമഗ്രവുമായ ഒരു ഉത്തരവോടെ 'അനുരഞ്ജന, പുനഃസംയോജന കമ്മീഷൻ' ആക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ രേഖയുടെ കോപ്പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്കും നൽകുമെന്നും മെഹ്ബൂബ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നത് തന്റെ പിതാവായ മുഫ്തി മുഹമ്മദ് സഈദിന്റെ ഒരു സ്വപ്‌നമായിരുന്നുവെന്നും പിഡിപി ഇത് പ്രധാനപ്പെട്ട ഒരു അജണ്ടയായി സ്വീകരിക്കുമെന്നും മെഹ്ബൂബ വ്യക്തമാക്കി.

TAGS :

Next Story