Quantcast

മുന്‍പ് ഇറ്റാലിക്കാരി മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു: അനുരാഗ് താക്കൂര്‍

"ഗുജറാത്ത് ഈ അധിക്ഷേപം നേരത്തെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും അംഗീകരിക്കില്ല"

MediaOne Logo

Web Desk

  • Updated:

    2022-10-16 05:14:32.0

Published:

16 Oct 2022 5:11 AM GMT

മുന്‍പ് ഇറ്റാലിക്കാരി മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു: അനുരാഗ് താക്കൂര്‍
X

കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നേരത്തെ ഇറ്റലിക്കാരിയായ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നും ഇപ്പോൾ ഇറ്റാലിയ മോദിയുടെ അമ്മയെ അപമാനിക്കുകയാണെന്നുമാണ് അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.

ഇറ്റലിയില്‍ ജനിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആം ആദ്മി പാർട്ടിയുടെ ഗുജറാത്തിലെ അധ്യക്ഷന്‍ ഗോപാൽ ഇറ്റാലിയയെയും ലക്ഷ്യമിട്ടാണ് അനുരാഗ് താക്കൂറിന്‍റെ പരാമര്‍ശം- "ഗുജറാത്ത് ഈ അധിക്ഷേപം നേരത്തെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും അംഗീകരിക്കില്ല. ഗുജറാത്ത് ഉചിതമായ മറുപടി നൽകും".

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെതിരായ പരാമർശങ്ങളുടെ പേരിൽ ദേശീയ വനിതാ കമ്മീഷന്‍ (എൻ‌സി‌ഡബ്ല്യു) ഗോപാൽ ഇറ്റാലിയയെ വിളിപ്പിച്ചിരുന്നു. ഗോപാൽ ഇറ്റാലിയ നരേന്ദ്ര മോദിയുടെ അമ്മ ഹിരാബയെ പരിഹസിച്ചെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. മോദിക്ക് ജന്മം നല്‍കിയതാണ് ഹിരാബ ചെയ്ത തെറ്റ് എന്ന് ഇറ്റാലിയ പറയുന്ന പഴയ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ വിമര്‍ശനം.

ഗുജറാത്തിൽ വലിയ ബി.ജെ.പി തരംഗം ഉണ്ടെന്നും ഇത്തവണ മുൻകാല റെക്കോർഡുകളെല്ലാം തകർക്കാൻ പോകുകയാണെന്നും അനുരാഗ് താക്കൂര്‍ അവകാശപ്പെട്ടു. കോൺഗ്രസ്സിനും എ.എ.പിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് അനുരാഗ് താക്കൂര്‍ സുരേന്ദ്രനഗറിലും വാധ്വയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തത്. ഗുജറാത്തിനെ ഇന്ത്യയുടെ മുഴുവൻ വികസന മാതൃകയെന്നാണ് അനുരാഗ് താക്കൂർ വിശേഷിപ്പിച്ചത്- "ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ 2014ലും 2019ലും മോദിജി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 2024ലും 400ലധികം സീറ്റുകളുമായി മോദിജി അധികാരത്തിലെത്തും".

ബി.ജെ.പിയുടെ 'ഗുജറാത്ത് ഗൗരവ് യാത്ര' തുടരുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഒക്ടോബർ 12ന് യാത്രകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഒക്ടോബര്‍ 20 വരെ യത്ര തുടരും. അഞ്ച് സംഘങ്ങളായി 5,734 കിലോമീറ്റർ നീളുന്ന യാത്ര സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളില്‍ 144 മണ്ഡലങ്ങളിലൂടെ കടന്നുപോകും. 2002ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാന രീതിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ ഗൗരവ് യാത്ര സംഘടിപ്പിച്ചിരുന്നു.

Summary- Attacking the Congress and the Aam Aadmi Party, BJP leader and Union minister Anurag Thakur Saturday alleged earlier an "Italian woman" used to "insult" Prime Minister Narendra Modi now "an Italia is insulting his mother".

TAGS :

Next Story