നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ്; കെ.എ പോളിന്റെ അവകാശവാദം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം
മോചനത്തിന് 8.3 കോടി രൂപ വേണമെന്നും കേന്ദ്ര സർക്കാരിന് നേരിട്ട് നൽകാമെന്നും അറിയിച്ചു കൊണ്ടാണ് കെ.എ പോളിന്റെ പോസ്റ്റ്

ന്യൂഡല്‍ഹി: യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കാളിയാകുന്നു എന്നവകാശപ്പെടുന്ന സുവിശേഷ പ്രഭാഷകന്‍ കെ.എ പോളിനെതിരേ വിദേശകാര്യ മന്ത്രാലയം.
ഇയാൾ മോചനത്തിന്‍റെ പേരില്‍ പണപ്പിരിവ് നടത്തുന്നതിനെതിരേ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കി. മോചനത്തിന് 8.3 കോടി രൂപ വേണമെന്നും കേന്ദ്ര സർക്കാരിന് നേരിട്ട് നൽകാമെന്നും അറിയിച്ചു കൊണ്ടാണ് കെ.എ പോളിന്റെ എക്സിലെ പോസ്റ്റ്.
എന്നാല്‍ നിമിഷപ്രിയ കേസില്‍ ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊരു വ്യാജ അവകാശവാദമാണെന്നും ഫാക്ട് ചെക്ക് വിഭാഗത്തിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. കെ.എ പോളിന്റെ എക്സിലെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകനും ഇവാഞ്ചലിസ്റ്റുമാണ് കെ.എ പോള്‍. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്നതായി അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം രംഗപ്രവേശനം ചെയ്യുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടന്‍ നാട്ടിലെത്തുമെന്നും അവകാശപ്പെട്ട് അദ്ദേഹം അടുത്തിടെ രംഗത്ത് എത്തിയിരുന്നു.
ഒമാന്‍, സൗദി, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ വഴി നിമിഷയെ ഇന്ത്യയില്‍ എത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. തന്റെ അപേക്ഷയിലാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതെന്നാണ് ഡോ. കെ എ പോളിന്റെ മറ്റൊരു അവകാശവാദം.
Adjust Story Font
16

