Quantcast

'ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഹിന്ദുക്കളുടെ അവകാശങ്ങൾ ഹനിക്കില്ല'; സുപ്രീംകോടതിയില്‍ കേന്ദ്ര സർക്കാർ

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് വിരുദ്ധമല്ല ക്ഷേമപദ്ധതികളെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    14 July 2021 4:35 PM GMT

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഹിന്ദുക്കളുടെ അവകാശങ്ങൾ ഹനിക്കില്ല; സുപ്രീംകോടതിയില്‍ കേന്ദ്ര സർക്കാർ
X

ന്യൂനപക്ഷ മതവിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ നിയമപരമായി സാധുവാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം പദ്ധതികൾ ഹിന്ദുക്കളുടെ അവകാശങ്ങൾ ഹനിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് വിരുദ്ധമല്ല ഇത്തരം പദ്ധതികളെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഹിന്ദു സമുദായത്തിലായതിനാൽ വിവേചനം നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി ആറുപേർ ചേർന്ന് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു കേന്ദ്രം. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയ്ൻ മുഖേനയാണ് ഇവർ ഹരജി സമർപ്പിച്ചത്. കേന്ദ്ര സർക്കാർ ആരംഭിച്ച ഇത്തരം പദ്ധതികൾ നിയമപരമായി സാധുവാണ്. വിവിധതലങ്ങളിൽ ന്യൂനപക്ഷ സമൂഹങ്ങളുടെ വളർച്ച ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പദ്ധതികളെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളണമെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ അസമത്വങ്ങൾ കുറയ്ക്കാനായാണ് കേന്ദ്ര സർക്കാർ മന്ത്രാലയം ഇത്തരം പദ്ധതികൾ നടപ്പാക്കിയത്. അതുവഴി അവരുടെ വിദ്യാഭ്യാസനിലവാരവും തൊഴിൽരംഗത്തെ പങ്കാളിത്തവും ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. അവരുടെ കഴിവുകളും സംരംഭകത്വശേഷിയും മെച്ചപ്പെടുത്തലും ഇതിന്‍റെ ലക്ഷ്യമാണ്. ഇതൊന്നും ഭരണഘടനയിലെ തുല്യതാതത്വങ്ങൾക്ക് വിരുദ്ധമല്ല. ഇതര സമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വഖഫ് ബോർഡുകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഹിന്ദുക്കളുടെ മഠങ്ങൾ, അഖാഡകൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് ലഭിക്കുന്നില്ലെന്ന് ഹരജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

TAGS :

Next Story