Quantcast

ഒരു രാത്രി മുഴുവൻ വിജനമായ കാപ്പിത്തോട്ടത്തിൽ; കുടകിൽ കാണാതായ രണ്ട് വയസുകാരിയെ ഒടുവിൽ കണ്ടെത്തി

ഞായറാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കണ്ടെത്തുന്നത്

MediaOne Logo

Web Desk

  • Published:

    2 Dec 2025 10:52 AM IST

ഒരു രാത്രി മുഴുവൻ വിജനമായ കാപ്പിത്തോട്ടത്തിൽ; കുടകിൽ കാണാതായ രണ്ട് വയസുകാരിയെ ഒടുവിൽ കണ്ടെത്തി
X

ബംഗളൂരു: കുടകിൽ നിന്നും കാണാതായ രണ്ട് വയസുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. ബി ഷെട്ടിഗേരി ഗ്രാമപഞ്ചായത്തിലെ കൊങ്കണയ്ക്കു സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. തോട്ടം തൊഴിലാളികളായ സുനിൽ, നാ​ഗിനി ദമ്പതികളുടെ മകൾ സുനന്യയെയാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കണ്ടെത്തുന്നത്.

വനപാലകരും അധികൃതരും പറയുന്നതനുസരിച്ച്, ശനിയാഴ്ച രാത്രി മുഴുവൻ സുനന്യ തോട്ടത്തിൽ ഒറ്റക്കായിരുന്നു. ഞായറാഴ്ച പെൺകുട്ടിയെ കണ്ടെത്താൻ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത് ഒരു വളര്‍ത്തുനായ ആയിരുന്നു. പെൺകുട്ടിയെ കാണാതാകുന്നതിന് അഞ്ച് ദിവസം മുൻപാണ് ജെനു കുറുബ സമുദായത്തിൽ നിന്നുള്ള സുനിലും നാഗിനിയും കൊങ്കണ ഗ്രാമത്തിലെത്തുന്നത്. കാഡെമട ശാരി ഗണപതി എന്ന കർഷകന്‍റെ കാപ്പിത്തോട്ടത്തിൽ ജോലിക്ക് കയറുകയും ചെയ്തു. സംഭവ ദിവസം കുട്ടിയെയും ഇവര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയിരുന്നു. തോട്ടത്തിലെ മറ്റ് തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കാൻ വിടുകയും ചെയ്തു. എന്നാൽ വൈകിട്ട് തിരിച്ചെത്തിയപ്പോൾ സുനന്യ ഒഴികെയുള്ള മറ്റ് കുട്ടികൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്.

കുട്ടിയെ കാണാതായതോടെ ​നാട്ടുകാരും വനം വകുപ്പ് ഉദ്യോ​ഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്തിയില്ല. അതിനിടെ തോട്ടത്തിനുള്ള വനം ജീവനക്കാർ കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതു കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളും കണ്ടതോടെ പരിഭ്രാന്തി പരന്നു. ഇതോടെ തോട്ടം ഉടമ സംഭവം ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്തു.

വനംവകുപ്പ് ഉദ്യോഗസ്ഥരും 30-ലധികം ഉദ്യോഗസ്ഥരും ഗ്രാമീണരും രാത്രി മുഴുവൻ തോട്ടം അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തകരോടൊപ്പം പോയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലിര ബൊപ്പണ്ണ, തന്റെ അടുത്ത സുഹൃത്തായ കടേമട അനിൽ കലപ്പയ്‌ക്കൊപ്പം ഞായറാഴ്ച പുലർച്ചെയാണ് കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്.കാപ്പിത്തോട്ടത്തിന് സമീപം ഇരിക്കുന്നതായി കണ്ടെത്തിയ കുട്ടിയുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയായി കലപ്പയുടെ നായ ഓറിയോ ആണ്. കാണാതായി 14 മണിക്കൂർ കഴിഞ്ഞ് ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് സുനന്യയെ കണ്ടെത്തിയത്. ഗോണിക്കൊപ്പൽ വനംവകുപ്പ് എസ്ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെകെ ശ്രീധർ, ഉദ്യോഗസ്ഥർ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി പരിക്കില്ലെന്നു ഉറപ്പാക്കിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയച്ചത്.

TAGS :

Next Story