Quantcast

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് വാട്ടർടാങ്കിൽ തള്ളി; മൃത​ദേഹം കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം

വീടിന് മുന്നിലെ അടച്ചിട്ട ഫ്ലാറ്റിന്റെ വാട്ടർ ടാങ്കിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം.

MediaOne Logo

Web Desk

  • Published:

    26 Sept 2024 10:01 PM IST

Missing Girls Body Found In Water Tank, Bhopal Police Suspect Rape-Murder
X

ഭോപ്പാൽ: മധ്യപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി. ഭോപ്പാലിലെ ​ഗ്രാമത്തിൽനിന്ന് കാണാതായ പെൺകുട്ടിക്കായി മൂന്നു ദിവസമായി നടന്നുവരുന്ന തിരച്ചിലിനൊടുവിൽ ഒരു കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ കണ്ടെത്താൻ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ 100ലേറെ വരുന്ന പൊലീസുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി തിരച്ചിൽ നടന്നുവരികയായിരുന്നു. ഡോ​ഗ് സ്ക്വാഡിന്റെയും ഡ്രോണുകളുടേയും സഹായത്താലായിരുന്നു വ്യാപക തിരച്ചിൽ. ന​ഗരത്തിലെ 1,000 ഫ്ലാറ്റുകളിലടക്കം പെൺകുട്ടിയെ കണ്ടെത്താനുള്ള സമഗ്രമായ ശ്രമങ്ങൾ നടത്തിവരവെ 72 മണിക്കൂറിനു ശേഷം അഞ്ച് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീടിന് മുന്നിലെ അടച്ചിട്ട ഫ്ലാറ്റിന്റെ വാട്ടർ ടാങ്കിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. എന്തുകാെണ്ടാണ് പൊലീസ് ആദ്യംതന്നെ ഈ ഫ്ലാറ്റിൽ തിരച്ചിൽ നടത്താതിരുന്നതെന്നും പൊലീസിനു വീഴ്ചയുണ്ടായെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പൂട്ടിക്കിടന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു ശേഷം മന്ത്രവാദം, വ്യക്തിവൈരാഗ്യം, ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെ കേസിൽ സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും മുതിർന്ന പൊലീസ് ഓഫീസർ ശാലിനി ദീക്ഷിത് പറഞ്ഞു. അതേസമയം, കുട്ടിയുടെ മരണം ഭോപ്പാലിൽ വ്യാപകമായ ജനരോഷത്തിനു കാരണമായിട്ടുണ്ട്. പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡുകൾ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേർന്നു.

പെൺകുട്ടിയുടെ മരണം സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയേറ്റുന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും തങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് രം​ഗത്തെത്തി. "സഹോദരിമാർക്കും പെൺമക്കൾക്കും ഒരു സുരക്ഷിതത്വവുമില്ലാത്ത, അവർക്ക് പേടിസ്വപ്നമായ സംസ്ഥാനമായി മധ്യപ്രദേശ് മാറിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരിക്കൽ കുടുംബബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും വർധിക്കുകയാണുണ്ടായത്"- അദ്ദേഹം വിശദമാക്കി.

TAGS :

Next Story