Quantcast

'എല്ലാവര്‍ക്കും തെറ്റ് പറ്റും, തിരുത്തും': പരോക്ഷ പ്രതികരണവുമായി മമത ബാനർജി

'ചില ആളുകൾ അതുവരെയുള്ള നല്ല പ്രവൃത്തികള്‍ കാണാതെ പെട്ടെന്ന് ആക്രോശിക്കുകയാണ്'

MediaOne Logo

Web Desk

  • Published:

    7 July 2022 12:51 PM GMT

എല്ലാവര്‍ക്കും തെറ്റ് പറ്റും, തിരുത്തും: പരോക്ഷ പ്രതികരണവുമായി മമത ബാനർജി
X

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര കാളീദേവിയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകവേ പരോക്ഷ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാവര്‍ക്കും തെറ്റ് പറ്റും, പക്ഷേ തിരുത്താന്‍ കഴിയും എന്നാണ് മമതയുടെ പ്രതികരണം.

"ജോലി ചെയ്യുമ്പോൾ നമുക്ക് തെറ്റുകൾ സംഭവിക്കുന്നു. പക്ഷേ അവ തിരുത്താൻ കഴിയും. ചില ആളുകൾ അതുവരെയുള്ള നല്ല പ്രവൃത്തികള്‍ കാണാതെ പെട്ടെന്ന് ആക്രോശിക്കാന്‍ തുടങ്ങുന്നു. നെഗറ്റീവ് കാര്യങ്ങള്‍ നമ്മുടെ മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്നു. അതിനാൽ നമുക്ക് പോസിറ്റീവായി ചിന്തിക്കാം"- എന്നാണ് കൊല്‍ക്കത്തയില്‍ ഒരു പൊതുപരിപാടിയില്‍ മമത ബാനര്‍ജി പറഞ്ഞത്.

കാളീദേവി പുകവലിക്കുന്നതായി സംവിധായിക ലീന മണിമേഖല ചിത്രീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യാടുഡ കോണ്‍ക്ലേവില്‍ മഹുവ മൊയ്ത്ര നല്‍കിയ മറുപടിയാണ് വിവാദമായത്- ഓരോ വ്യക്തിക്കും അവരുടേതായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ അവകാശമുണ്ട്. കാളിയെ "മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവത" ആയി സങ്കൽപ്പിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് എല്ലാ അവകാശമുണ്ടെന്നാണ് മഹുവ മൊയ്ത്ര വിശദീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മഹുവ മൊയ്ത്രക്കെതിരെ ഒന്നിലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

"നിങ്ങളുടെ ദൈവത്തെ സസ്യാഹാരിയായും വെളുത്ത വസ്ത്രധാരിയായും ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ എനിക്ക് മാംസം ഭക്ഷിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ട്"- എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് മഹുവയുടെ പരാര്‍ശത്തെ അപലപിച്ചു- "ഇന്ത്യാടുഡെ കോണ്‍ക്ലേവില്‍ മഹുവ മൊയ്ത്ര കാളീദേവിയെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാഴ്ചപ്പാടാണ്. അത് ഒരു തരത്തിലും പാർട്ടി അംഗീകരിക്കുന്നില്ല. അത്തരം അഭിപ്രായങ്ങളെ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു" എന്നായിരുന്നു ട്വീറ്റ്. തുടര്‍ന്ന് തൃണമൂലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് മഹുവ മൊയ്ത്ര അണ്‍ഫോളോ ചെയ്തു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

"ഹിന്ദുത്വത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ഏകശിലാപരമായ പുരുഷാധിപത്യ ബ്രാഹ്മണ വീക്ഷണം നിലനിൽക്കുന്ന ഒരു ഇന്ത്യയിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ മരിക്കുന്നതുവരെ ഇതിനെ പ്രതിരോധിക്കും. നിങ്ങള്‍ എഫ്‌ഐആർ ഫയൽ ചെയ്യുക. എല്ലാ കോടതിയിലും വന്ന് നേരിടാം. ഞാന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു"- മഹുവ മൊയ്ത്ര വിശദീകരിച്ചു.

TAGS :

Next Story