Quantcast

മിസോറമും ഛത്തിസ്‍ഗഢിലെ 20 മണ്ഡലങ്ങളും ഇന്ന് പോളിങ് ബൂത്തിലേക്ക്

രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്‍ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 40 ലക്ഷത്തിലധികം വരുന്ന വോട്ടർമാർക്കായി 5,304 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    7 Nov 2023 1:13 AM GMT

Mizoram and 20 constituencies of Chhattisgarh go to polling booth today in Assembly Polls 2023
X

ന്യൂഡല്‍ഹി: ജനവിധിയെഴുതാൻ മിസോറമും ഛത്തിസ്‍ഗഢിലെ 20 മണ്ഡലങ്ങളും ഇന്ന് പോളിങ് ബൂത്തിലേക്ക്. മാവോയിസ്റ്റ്-നക്സൽ ഭീഷണി ശക്തമായി തുടരുന്നതിനാൽ കനത്ത കാവലിലാണ് ഛത്തിസ്‍ഗഢിലെ വോട്ടെടുപ്പ് നടക്കുക.

രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്‍ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 40 ലക്ഷത്തിലധികം വരുന്ന വോട്ടർമാർക്കായി 5,304 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 60,000ത്തിൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ബസ്തർ ജില്ലയിൽ മാത്രം ഒന്നാംഘട്ട വോട്ടെടുപ്പ് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തിയാക്കാനായി വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.

2018ലെ കണക്കുകൾ അനുസരിച്ച് ഇന്ന് ജനവിധി എഴുതുന്ന 20 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനമുള്ളത് രാജ്നന്ദഗാവിൽ മാത്രമാണ്. പ്രീപോൾ സർവേഫലങ്ങളുടെ പ്രവചനത്തിൽ തുടർഭരണം പ്രതീക്ഷിച്ചിരിക്കുകയാണ് ഛത്തിസ്‍ഗഢിൽ കോൺഗ്രസ്.

എട്ടര ലക്ഷത്തിലേറെ വരുന്ന വോട്ടർമാരാണ് 40 മണ്ഡലങ്ങളിലായി മിസോറമിൽ മത്സരരംഗത്തുള്ള 174 സ്ഥാനാർത്ഥികളുടെ വിധിയെഴുതുന്നത്. ഛത്തിസ്‍ഗഢിലെ അന്തഗഢ്, ഭാനുപ്രതാപ്പൂർ, കാങ്കർ, കേശ്കൽ, കൊണ്ടഗാവ്, നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കോണ്ട എന്നീ മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. ബസ്തർ, ജഗദൽപൂർ, ചിത്രകോട്ട് എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയും വോട്ടെടുപ്പ് നടക്കും. മിസോറമിൽ രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് നാലുമണിക്ക് അവസാനിക്കും.

Summary: Mizoram and 20 constituencies of Chhattisgarh go to polling booth today in Assembly Polls 2023

TAGS :
Next Story