എംഎല്‍സി തെരഞ്ഞെടുപ്പ് ഫലം: മഹായുതിയില്‍ പൊട്ടിത്തെറി; ഷിന്‍ഡെ ശിവസേനക്കെതിരെ ബിജെപി
വിവാദ ഓഡിയോ ക്ലിപ്പിലുൾപ്പെടെ ബിജെപി- ഏക്നാഥ് ഷിൻഡെ ശിവസേന വിഭാഗങ്ങൾ തമ്മിൽ പരസ്പരം പോരടിക്കുന്നുണ്ട്

- Published:
29 Oct 2026 7:11 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ ഭിന്നത. സഖ്യകക്ഷിയായ ഷിന്‍ഡെ ശിവസേനയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും, അതാണ് കനത്ത തിരിച്ചടിക്ക് കാരണമായതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.
ഒക്ടോബർ 23ന് നടന്ന അഞ്ച് ഗ്രാജ്വേറ്റ്സ്, ടീച്ചേഴ്സ് കൗൺസിൽ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി മൂന്ന് സീറ്റുകൾ നേടിയപ്പോൾ, ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. പൂനെ ഗ്രാജ്വേറ്റ്സ്, നാഗ്പൂർ ഗ്രാജ്വേറ്റ്സ്, ഛത്രപതി സംഭാജിനഗർ (ഔറംഗബാദ്) ഗ്രാജ്വേറ്റ്സ്, പൂനെ ടീച്ചേഴ്സ്, അമരാവതി ടീച്ചേഴ്സ് എന്നീ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
പൂനെ, നാഗ്പൂർ എന്നിവിടങ്ങളിൽ ശിവസേന സഖ്യമര്യാദ പാലിച്ചില്ലെന്ന് മഹാരാഷ്ട്ര ബിജെപി മുഖ്യ വക്താവ് നവ്നാഥ് ബാൻ കുറ്റപ്പെടുത്തി. പൂനെ ടീച്ചേഴ്സ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി സച്ചിൻ സനാപിന് ശിവസേന അവസാന നിമിഷം നൽകിയ പിന്തുണ സഖ്യത്തിന്റെ സാധ്യതകളെ തകർത്തു. കൂടാതെ, ഛത്രപതി സംഭാജിനഗറിൽ എൻസിപിക്കെതിരെ ശിവസേന മന്ത്രി അബ്ദുൾ സത്താർ പ്രചാരണം നടത്തിയെന്നും ഇത് സഖ്യത്തിന് തിരിച്ചടിയായെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. ശിവസേന ബിജെപിയെയും എൻസിപിയെയും പിന്തുണച്ചിരുന്നെങ്കിൽ അഞ്ച് സീറ്റുകളും തൂത്തുവാരാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് സീറ്റുകളിലും വിജയം ഉറപ്പായിരുന്നിട്ടും രണ്ട് സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സഖ്യം ആത്മപരിശോധന നടത്തണമെന്ന് മഹാരാഷ്ട്ര ബിജെപി ഉപാധ്യക്ഷൻ കേശവ് ഉപാധ്യ ആവശ്യപ്പെട്ടു. അതേസമയം ഷിന്‍ഡെ ശിവസേന ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
മറാത്ത സംവരണ പ്രക്ഷോഭകന് മനോജ് ജരാങ്കെ-പാട്ടീലിന് 500 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ഓഡിയോ ക്ലിപ്പ് സംസ്ഥാനത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ഏക്നാഥ് ഷിന്‍ഡയെ ലക്ഷ്യമിട്ട് ബിജെപി തയ്യാറാക്കിയതാണെന്ന് ഷിന്‍ഡെ ശിവസേന ആരോപിക്കുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക്നാഥ് ഷിന്‍ഡയെ എത്തിക്കുമെന്നും ഷിന്‍ഡെ ശിവസേന നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
Adjust Story Font
16
