ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്ര; ഹരിയാനയിലെ നൂഹില്‍ സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ഗ്രൂപ്പ് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹില്‍ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയുടെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്താണ് നടപടി. ഇന്റര്‍നെറ്റിന് പുറമെ ഗ്രൂപ്പ് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.
നിയന്ത്രണങ്ങള്‍ക്ക് കൂടാതെ നൂഹ് ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2500 സുരക്ഷാ ജീവനക്കാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഘര്‍ഷം കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകമെന്നും അധികൃതര്‍ അറിയിച്ചു.
2023ലെ ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഘോഷയാത്രയുടെ വിവിധ സ്ഥലങ്ങളിലായി 28 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന പരിശോധനയ്‌ക്കൊപ്പം വീഡിയോ ചിത്രീകരണവും നടത്തും. സ്‌നിഫര്‍ ഡോഗ്‌സ്, ബോംബ് സ്‌ക്വാഡുകള്‍, നാല് ഡ്രോണുകള്‍, കമാന്‍ഡോ യൂണിറ്റുകള്‍ എന്നിവയും പരിശോധന നടത്തും.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടങ്കിലും ബാങ്കിംഗ് സേവനങ്ങള്‍, മൊബൈല്‍ റീചാര്‍ജ്, വോയ്സ് കോളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എസ്എംഎസ് സേവനങ്ങള്‍ തുടരും. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ജലാഭിഷേക് യാത്ര നടക്കുന്ന വഴിയില്‍ മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളുടെ വില്‍പ്പന നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഡ്രോണുകള്‍, മൈക്രോലൈറ്റുകള്‍, വിമാനങ്ങള്‍, ഗ്ലൈഡറുകള്‍, പവര്‍ ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, പട്ടം പറത്തല്‍, ചൈനീസ് മൈക്രോലൈറ്റുകള്‍, പടക്കങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനും ജില്ലയില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

