Quantcast

മോദിക്കുനേരെ മൊബൈല്‍ ഫോൺ ഏറ്; കർണാടക റോഡ് ഷോയിൽ സുരക്ഷാവീഴ്ച

ബി.ജെ.പി പ്രവർത്തകയാണ് മൊബൈൽ എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും വിശദീകരണം

MediaOne Logo

Web Desk

  • Published:

    1 May 2023 8:32 AM GMT

MobilephonethrownatModi, MobilephonethrowntowardsNarendraModi, NarendraModiMobilephonemishapatroadshowinKarnataka, Karnatakaassemblyelection2023
X

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ മൊബൈൽ ഫോൺ എറിഞ്ഞ് യുവതി. കർണാടകയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. മൊബൈൽ എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു.

ഇന്നലെ വൈകീട്ട് മൈസൂരുവിലെ കെ.ആർ സർക്കിളിൽ നടന്ന റോഡ്‌ഷോയ്ക്കിടെയാണ് സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തത്. തുറന്ന വാഹനത്തിലായിരുന്നു റോഡ്‌ഷോ. ഇതിനിടെയാണ് ആൾക്കൂട്ടത്തിലുണ്ടായിരുന്ന യുവതി മോദിക്കുനേരെ മൊബൈൽ ഫോൺ എറിഞ്ഞത്. തലനാരിഴയ്ക്കാണ് മോദി രക്ഷപ്പെട്ടത്. മുൻ കർണാടക മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയും മറ്റ് ബി.ജെ.പി നേതാക്കളും വാഹനത്തിലുണ്ടായിരുന്നു.

ബി.ജെ.പി പ്രവർത്തകയാണ് മൊബൈൽ അറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇവർ മോദിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ആവേശത്തിൽ കൈയിൽനിന്ന് മൊബൈൽ തെറിച്ചുവീഴുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ഫോൺ യുവതിക്കു തിരിച്ചുകൊടുത്തു.

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി ശനിയാഴ്ച ബിദറിലെ ഹംനാബാദിലും ബെലാഗവിയിലെ കുടാച്ചിയിലും പൊതുപരിപാടികളിലും ബെംഗളൂരുവിൽ റോഡ് ഷോയിലും പങ്കെടുത്തിരുന്നു. ഇന്നലെ കോലാർ, ചന്നപ്പട്ടണം, ബേളൂർ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മേയ് പത്തിനാണ് തെരഞ്ഞെടുപ്പ്. 13ന് ഫലം പുറത്തുവരും.

Summary: Mobile phone thrown towards PM Narendra Modi during roadshow at Mysuru, Karnataka

TAGS :

Next Story