Quantcast

'ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല'; രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

'പരമാധികാര രാഷ്ട്രത്തിൻ്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണം'

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-03 06:50:41.0

Published:

3 March 2026 10:07 AM IST

Modi govts silence on Khamenei assassination not neutral
X

ന്യൂഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതിനെ ഇന്ത്യ അപലപിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും 'ഇന്ത്യന്‍ എക്‌സ്പ്രസി'ലെ ലേഖനത്തില്‍ സോണിയ പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

ബജറ്റ് സെഷനിലെ രണ്ടാംഘട്ട ചര്‍ച്ചക്കായി പാര്‍ലമെന്റ് ചേരുമ്പോള്‍ ഇന്ത്യയുടെ 'അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത' ചര്‍ച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു. 'പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു. അതിന്റെ ഞെട്ടലിനപ്പുറം നില്‍ക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി' -സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്‍കിയത്. എന്നാല്‍, ഖാംനഈ വധത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നിശബ്ദത ലോകക്രമത്തിന്റെ തകര്‍ച്ച എളുപ്പമാക്കും. ഖാംനഈയെ വധിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് മോദി ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയത്. അവിടെ, നെതന്യാഹുവിനുള്ള പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗസ്സയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളെ കൊലപ്പെടുത്തിയതില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെയാണിത്. ഇറാന്‍ മണ്ണിലെ ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും സോണിയ പറഞ്ഞു. 2001ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം പുതുക്കിയതും ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്നും സോണിയ പറഞ്ഞു.

TAGS :

Next Story