‘വോട്ട് ചോരിയിലൂടെ മോദി രാജ്യത്തെ ഹൈജാക്ക് ചെയ്തു, ഇത് രാജ്യദ്രോഹം’: രാഹുൽ ഗാന്ധി
തെരെഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതിലൂടെ എസ്ഐആർ വിഷയത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ് ഇന്ത്യാ സഖ്യത്തിലെ എംപിമാർ ലക്ഷ്യമിടുന്നത്

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ നടപടിക്കെതിരെ ‘വോട്ട് ചോരി’ ആരോപണമുയർത്തി ഇന്ത്യാ സഖ്യത്തിലെ എംപിമാർ തെരെഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പാർലമെന്റ് സമുച്ചയത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ എംപിമാരെ ആകാശവാണി ഭവന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയാണ് മാർച്ച് തടഞ്ഞത്.
എസ്ഐആർ നടപടിയിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യാ സഖ്യത്തിലെ വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാർച്ച് തടഞ്ഞതോടെ നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതിഷേധിച്ച എംപിമാർ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധം കണക്കിലെടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപവും ഡൽഹിയിലെ മറ്റ് പ്രധാന മേഖലകളിലും സുരക്ഷ ശക്തമാക്കിയിരുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഗതാഗതവും ആളുകളുടെ നീക്കവും നിയന്ത്രിക്കുകയും ചെയ്തു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികളും സംഘടനകളും ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
എസ്ഐആർ നടപടിയിലൂടെ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതടക്കമുള്ള ക്രമക്കേടുകൾ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ നിയമാനുസൃതമാണെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
തെരെഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതിലൂടെ എസ്ഐആർ വിഷയത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ് ഇന്ത്യാ സഖ്യത്തിലെ എംപിമാർ ലക്ഷ്യമിടുന്നത്. പ്രതിഷേധത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികളുടെ എംപിമാർ പങ്കെടുത്തു. രാഹുൽ ഗാന്ധിയാണ് മാർച്ചിന് നേതൃത്വം നൽകിയത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രതികരണം എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ആകാശവാണി ഭവൻ പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ആകാശവാണി ഭവന്റെ ഗേറ്റ് നമ്പർ മൂന്നിന് സമീപമാണ് സംഭവങ്ങൾ അരങ്ങേറിയത്. രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പ്രതികരണം തേടി മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് പൊലീസ് തടസ്സം സൃഷ്ടിച്ചതെന്നാണ് ആരോപണം.
മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞതിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. “മാധ്യമങ്ങളെ തടയാൻ പൊലീസ് ആരാണ്?” എന്ന തരത്തിൽ രാഹുൽ പൊലീസിനോട് ചോദിച്ചു. തുടർന്ന് പൊലീസ് പിന്നോട്ടുപോയതായാണ് വിവരം.
പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് എത്തി. ആകാശവാണി വളപ്പിൽ പായ വിരിച്ച് ഇരുന്ന രാഹുൽ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി ഭവനത്തിനകത്തായിരുന്നപ്പോൾ മാധ്യമപ്രവർത്തകർ പുറത്തായിരുന്നു. നേതാക്കളുടെ പ്രതികരണം എടുക്കുന്നതിനായി പുറത്തു കാത്തുനിന്ന മാധ്യമപ്രവർത്തകരെയാണ് പൊലീസ് തടഞ്ഞത്.സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി.
ഇതിനിടെ പ്രതിഷേധത്തിനായി എത്തിയ ഒരാൾ രാഹുൽ ഗാന്ധിയോട് ‘വോട്ട് കൊള്ളയുടെ തെളിവ് തന്റെ കൈവശമുണ്ടെന്ന്’ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതേസമയം, പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് പൊലീസ് നടപടി തുടരുന്നത്.
Adjust Story Font
16

