Quantcast

മോദിയുടെ ഉറക്കം നഷ്ടപ്പെട്ടു; കണ്ണിലും മുഖത്തും ഭയം മാത്രം; എം കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ അഴിമതികണക്കുകൾ അക്കമിട്ട് നിരത്തി എം കെ സ്റ്റാലിൻ

MediaOne Logo

Web Desk

  • Published:

    23 March 2024 5:08 AM GMT

Narendra Modi, M K Stalin
X

തിരുച്ചി: തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മോദിയുടെ ഉറക്കം നഷ്ടപ്പെടുത്തിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തോൽവിയുടെ ഭയം മോദിയുടെ കണ്ണുകളിലും മുഖത്തും പ്രതിഫലിക്കുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

വെള്ളിയാഴ്ച തിരുച്ചിയിൽ നടന്ന യോഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും ആരോപണങ്ങളും വിമർശനങ്ങളുമായി സ്റ്റാലിൻ രംഗത്തുവന്നത്.

കേന്ദ്രസർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയ സ്റ്റാലിൻ, പി.എം കെയേഴ്‌സ് ഫണ്ടിൽ തുടങ്ങിയ അഴിമതിക്കണക്കുകൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയിച്ചാൽ പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞു.

ഇലക്ടറൽ ബോണ്ട് പദ്ധതി രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഹിമാലയൻ കുംഭകോണമായി മാറിക്കഴിഞ്ഞു. ഡി.എം.കെക്കെതിരായ മോദിയുടെ അഴിമതി ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച സ്റ്റാലിൻ, അഴിമതി വിരുദ്ധ സർക്കാരെന്ന് സ്വയം പറയുന്ന മോദി എന്തുകൊണ്ട് ബി.ജെ.പിക്കെതിരായ അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വർഷമായി ഇ.ഡിയും സി.ബി.ഐയും ഐ.ഡിയും ബിജെപിക്കായി ഇലക്ടറൽ ബോണ്ട് നൽകാൻ ആളുകളെ പ്രേരിപ്പിക്കുന്ന റെയ്ഡുകൾ നടത്തിവരികയാണ്. ഇതു വഴിയാണ് ബി.ജെ.പി 8000 കോടി രൂപ സമാഹരിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.

ദ്വാരക എക്‌സ്പ്രസ്‌വേ, ഹൈവേ ടോൾ പിരിവ്, എച്ച്.എ.എൽ എയർക്രാഫ്റ്റ് ഡിസൈൻ,ഭാരത്മാല, ആയുഷ്മാൻ ഭാരത് തുടങ്ങിയ വിവിധ പദ്ധതികളിൽ സി.എ.ജി റിപോർട്ട് തുറന്നുകാട്ടിയിട്ടുണ്ട്. റഫാലും മറ്റൊരഴിമതിയാണ്.

ജനം തങ്ങൾക്കെതിരെ തിരിഞ്ഞുവെന്ന് മനസിലാക്കിയ ബി.ജെ.പി സർക്കാർ അഴിമതികൾ മറയ്ക്കാൻ ക്രൂരമായ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തോൽവി ഭയത്തിന്റെ ലക്ഷണമാണ്. മനീഷ് സിസോദിയ 13 മാസമായി ജയിലിലാണ്, ഹേമന്ദ് സോറന്റെ അറസ്റ്റിന് പിന്നിലും ഇതേ ഭയം തന്നെയാണ്.

തമിഴ്‌നാട്ടിൽ ബി.ജെ.പി വളരുന്നത് ഡി.എം.കെയുടെ ഉറക്കം നഷ്ടപ്പെടുത്തിയെന്നാണ് മോദിയുടെ വാദം എന്നാൽ ഉറക്കം നഷ്ടപ്പെട്ടത് മോദിക്കാണ്. തമിഴ്‌നാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്രസർക്കാർ നടത്തിയ ഒരു പദ്ധതി കാണിച്ചു തരാൻ മോദിയെ സ്റ്റാലിൻ വെല്ലുവിളിക്കുകയും ചെയ്തു.

TAGS :

Next Story