‘ഫലസ്തീനുള്ള പിന്തുണ തുടരും’; ഐക്യദാർഢ്യ ദിനത്തിൽ കത്തയച്ച് മോദി
ഫലസ്തീൻ ജനതയുടെ സുരക്ഷയിലും മാനുഷിക സാഹചര്യങ്ങളിലും അതീവ ഉത്കണ്ഠ രേഖപ്പെടുത്തി
ന്യൂഡൽഹി: ഫലസ്തീന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീൻ ജനങ്ങൾക്കുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണ ഭാഗമായി അയച്ച കത്തിലാണ് പിന്തുണ ആവർത്തിച്ചത്. ഫലസ്തീൻ ജനതയുടെ സുരക്ഷയിലും മാനുഷിക സാഹചര്യങ്ങളിലും അതീവ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.
ഫലസ്തീൻ ജനതയുടെ വികസനത്തിന് ഇന്ത്യയുടെ തുടർച്ചയായുള്ള പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും മോദി ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനങ്ങൾക്ക് മാനുഷിക സഹായത്തിെൻറ സുസ്ഥിരമായ വിതരണം തുടരണം. സംഘർഷത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. യുദ്ധം പശ്ചിമേഷ്യയിലെ ജനങ്ങൾക്ക് വലിയ ദുരിതമാണ് തീർത്തിട്ടുള്ളതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ശാശ്വതവും സമാധനപരവുമായുള്ള പരിഹാരത്തിെൻറ താക്കോൽ ചർച്ചയും നയതന്ത്രവുമാണെന്ന് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. ഒരിക്കൽ കൂടി ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നു. ഇത് പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കും. ഇസ്രായേലുമായി സമാധാനത്തോടെ കഴിയാനും സാധിക്കുമെന്നും കത്തിൽ പറയുന്നു.
ഒരു ഉറച്ച വികസന പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പൂർണ പിന്തുണയും കത്തിൽ ഉറപ്പുനൽകി. ഈ യാത്രയിൽ ഇന്ത്യ ഫലസ്തീൻ ജനതക്കൊപ്പം നിൽക്കും. അവരുടെ ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനപ്പെടുത്തി വിവിധ മേഖലകളിൽ ജന കേന്ദ്രീകൃത വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ഉൾപ്പെടെ ഒപ്പമുണ്ടാകുമെന്നും മോദി കത്തിൽ ഊന്നിപ്പറഞ്ഞു.
ന്യൂഡൽഹിയിലെ ഫലസ്തീൻ എംബസി മോദിയുടെ കത്തിനെ സ്വാഗതം ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അത്യധികം അഭിനന്ദിക്കുകയും ചെയ്യുന്നതായി എംബസിയിലെ പ്രതിനിധി അബെദ് എൽറാസഗ് അബൂ ജസർ പറഞ്ഞു. സന്ദേശത്തിലേത് വളരെ പ്രധാനപ്പെട്ട ഉള്ളടക്കമാണ്. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പാക്കുകയാണത്. നയതന്ത്രവും രാഷ്ട്രീയവുമായ പാതയിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീൻ ജനത കൈവരിക്കാൻ ശ്രമിക്കുന്നതെന്നും അബൂ ജസർ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള മോദിയുടെ കത്തിനെ ഫലസ്തീനും സ്വാഗതം ചെയ്തു.
സെപ്റ്റംബറിൽ യുഎൻ ജനറൽ അസംബ്ലിക്കെത്തിയ മോദിയും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ന്യൂയോർക്കിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിലെ പ്രതിസന്ധിയിൽ മോദി അന്ന് കടുത്ത ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ദ്വിരാഷ്ട്ര പരിഹാരത്തിന് മാത്രമേ മേഖലയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാൻ സാധ്യമാകൂ എന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര വേദികളിലും ഫലസ്തീനുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയെക്കുറിച്ചും മോദി പരാമർശിക്കുകയുണ്ടായി. മനുഷ്യത്വപരമായ സഹായത്തിനും അന്താരാഷ്ട്ര വേദികളിലെ പിന്തുണക്കും മോദിക്ക് പ്രസിഡൻറ് അബ്ബാസ് നന്ദി പറയുകയും ചെയ്തു.
എല്ലാവർഷവും നവംബർ 29നാണ് അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിക്കുന്നത്. സമാധാനത്തിനും നീതിക്കും സ്വയം നിർണയാവകാശത്തിനുമുള്ള ഫലസ്തീനികളുടെ അഭിലാഷങ്ങളെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം. 1977ലാണ് യുഎന്നിെൻറ നേതൃത്വത്തിൽ ദിനാചരണം ആരംഭിക്കുന്നത്. ഫലസ്തീനെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള യുഎൻ ജനറൽ അസംബ്ലിയുടെ 181 പ്രമേയം വന്ന് 30 വർഷങ്ങൾക്ക് ശേഷമാണ് ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം ആരംഭിക്കുന്നത്.
ദിനാചരണ ഭാഗമായി യുഎൻ ജനറൽ സെക്രട്ടറി അേൻറാണിയോ ഗുട്ടറസും പ്രസ്താവനയിറക്കി. ഫലസ്തീനികളെ നിരന്തരം ഇസ്രായേൽ കൊലപ്പെടുത്തുന്നതിനെയും ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിയെയും അദ്ദേഹം അപലപിച്ചു. ‘എല്ലാ വർഷവും ഈ ദിനത്തിൽ പലസ്തീൻ ജനതയുടെ അന്തസ്സിനും അവകാശങ്ങൾക്കും നീതിക്കും സ്വയം നിർണയാവകാശത്തിനും വേണ്ടി അന്താരാഷ്ട്ര സമൂഹം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. ഈ വർഷത്തെ അനുസ്മരണം പ്രത്യേകിച്ചും വേദനാജനകമാണ്, കാരണം ആ അടിസ്ഥാന ലക്ഷ്യങ്ങൾ എന്നത്തേയും പോലെ വിദൂരമാണ്’ -അേൻറാണിയോ ഗുട്ടറസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16