Quantcast

മോദിയും അദാനിയും ഒരുമിച്ച്; രാഹുൽ ഉയർത്തിയ ചിത്രത്തിന് പിന്നിലെ കഥ

ആറ് വർഷം അത് വെബ്‌സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ചിത്രം വൈറലായതോടെ അത് ഡിലീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2023-02-07 16:02:48.0

Published:

7 Feb 2023 2:59 PM GMT

മോദിയും അദാനിയും ഒരുമിച്ച്; രാഹുൽ ഉയർത്തിയ ചിത്രത്തിന് പിന്നിലെ കഥ
X

ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയും അദാനിയും ഒരുമിച്ചിരിക്കുന്ന ചിത്രം ഉയർത്തിക്കാട്ടി ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ അദാനിക്കു വേണ്ടിയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇത്തരത്തിൽ മോദിയും അദാനിയും ഒന്നിച്ച് എത്രതവണ വിദേശ പര്യടനം നടത്തിയെന്നും രാഹുൽ ചോദിച്ചിരുന്നു.

എന്നാൽ എവിടെ നിന്നാണ് ഈ ചിത്രം രാഹുലിന് ലഭിച്ചത്?. 2017 സെപ്തംബർ 18നാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടതെന്നും ഇന്ത്യ സെന്റർ ഫൗണ്ടേഷൻ ചെയർമാനായ വിഭവ് കാന്ത് ഉപാധ്യായയുടെ വെബ്‌സൈറ്റിലായിരുന്നു അതെന്നും ഫാക്ട് ചെക്കിങ് സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.


ആറ് വർഷമായി അത് വെബ്‌സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ചിത്രം വൈറലായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തെന്നും സുബൈർ വ്യക്തമാക്കി. എന്നാൽ ​ഗൂ​ഗിൾ ആർക്കൈവ്സിൽ ഈ ചിത്രം ലഭ്യമാണ്. ഇത് കണ്ടെത്തി പ്രിന്റെടുത്താണ് രാഹുൽ ​ഗാന്ധി ലോക്സഭയില്‍ ഉയർത്തിക്കാട്ടിയത്. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെയാണ് അദാനി-മോദി ബന്ധത്തിൽ രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്.

രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. വിമാനത്താവള നടത്തിപ്പ് ചട്ടങ്ങളും പ്രതിരോധ കരാര്‍ നിബന്ധനകളും മാറ്റി. മോദിയും അദാനിയും ഒന്നിച്ച് എത്രതവണ വിദേശ പര്യടനം നടത്തി?. ഇതിനു പിന്നാലെ എത്ര കരാറുകൾ അദാനിക്ക് ലഭിച്ചു?- രാഹുൽ ചോദിച്ചു. മോദിയുടെ വിദേശ പര്യടനവും രാജ്യത്തിന്റെ വിദേശനയവും അദാനിക്ക് വേണ്ടിയാണ്. രാഷ്ട്രീയമുപയോഗിച്ച് വ്യാവസായ വളർച്ച നേടുന്നതിൽ മോദിക്ക് സ്വർണ മെഡൽ നൽകണം.

മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അദാനി അദ്ദേഹത്തിന്റെ വിശ്വസ്തനാണെന്നും 2014ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വര്‍ധിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അദാനിയും മോദിയുമായുള്ള ബന്ധം എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. വർഷങ്ങളായുള്ള ബന്ധമാണ്. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്.


അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനി. ബി.ജെ.പിക്ക് അദാനി എത്ര സംഭാവന നൽകിയെന്നും രാഹുൽ ചോദിച്ചു.

വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏൽപ്പിക്കരുതെന്ന നിയമം മറികടന്നാണ് അദാനിക്ക് വിമാനത്താവളങ്ങൾ കൈമാറിയത്. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രതിരോധ, ആയുധ നിർമാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.


TAGS :

Next Story