Quantcast

ജീവനെടുത്ത് 'മോൻ ത'; ആന്ധ്രയിൽ ചുഴലിക്കാറ്റില്‍ വീടിന് മുകളിൽ മരം വീണ് സ്ത്രീ മരിച്ചു

തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    29 Oct 2025 10:02 AM IST

ജീവനെടുത്ത് മോൻ ത; ആന്ധ്രയിൽ ചുഴലിക്കാറ്റില്‍ വീടിന് മുകളിൽ മരം വീണ് സ്ത്രീ മരിച്ചു
X

അമരാവതി: ആന്ധ്രയിൽ കരതൊട്ട 'മോൻ ത' ചുഴലിക്കാറ്റിൽ ഒരു മരണം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ മാമിഡികുദുരു മണ്ഡലത്തിലെ മകനപാലം ഗ്രാമത്തിൽ ചുഴലിക്കാറ്റിൽ വീടിന് മുകളിൽ മരം വീണ് ഒരു സ്ത്രീ മരിച്ചു.

ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 'മോൻ ത' ചുഴലിക്കാറ്റിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ 76,000 ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം മോന്‍ത ചുഴലിക്കാറ്റ് കര തൊട്ടത്. തെക്കൻ തീരദേശ ആന്ധ്രയിലെ എസ്പിഎസ്ആർ നെല്ലൂർ, പ്രകാശം ജില്ലകളിലും കനത്ത മഴയാണ് പെയ്തത്. ഈ രണ്ട് ജില്ലകളിലെ പല സ്ഥലങ്ങളിലും 100 ​​മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു.കനത്ത മഴയിൽ ആന്ധ്രയില്‍ 43,000 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്.

കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ച സാഹചര്യത്തിൽ ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്..ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ്‌നാട്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


TAGS :

Next Story