Quantcast

'ജിഹാദികൾക്കെതിരെയുള്ള പോരാട്ടം'; മോനു മനേസറിനും ബിട്ടു ബജ്‌റംഗിക്കും അവാർഡ് നൽകി സുദർശൻ ടിവി

ദാവൂദ് ഇബ്രാഹീമിനേക്കാൾ കൂടുതൽ കുറ്റപത്രങ്ങൾ പ്രകോപന പ്രസ്താവനകളുടെ പേരിൽ തന്റെ പേരിലുണ്ടെന്ന് അവകാശപ്പെട്ടയാളാണ്‌ സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫായ സുരേഷ് ചാവങ്കെ

MediaOne Logo

Web Desk

  • Updated:

    2023-08-12 16:59:48.0

Published:

12 Aug 2023 3:38 PM GMT

Monu Manesar and Bittu Bajrarangi awarded by Sudarshan TV
X

ന്യൂഡൽഹി: 'ജിഹാദികൾക്കെതിരെ യുദ്ധം' ചെയ്യുന്നതിന് മോനു മനേസറിനും ബിട്ടു ബജ്‌റംഗിക്കും അവാർഡ് നൽകി മുസ്‌ലിം വിരുദ്ധതക്ക് കുപ്രസിദ്ധമായ സുദർശൻ ടിവി. പശു സംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുന്ന മോനുവിനെയും ബിട്ടുവിനെയും ശനിയാഴ്ചയാണ് ചാനൽ ആദരിച്ചത്. ഈയിടെ ഹരിയാനയിൽ നടന്ന സാമുദായിക സംഘർഷത്തിൽ കുറ്റക്കാരാണ്‌ ഇരുവരും.

കുപ്രസിദ്ധരായ ഇവർക്ക് അവാർഡ് നൽകുന്ന വീഡിയോ ട്വിറ്ററിൽ (ഇപ്പോൾ എക്‌സ്) പ്രചരിക്കുകയാണ്. 'ജിഹാദികൾക്കെതിരെയുള്ള പോരാട്ടത്തിൽ നൽകിയ സംഭാവനകളുടെ' പേരിൽ ബജ്‌റംഗിക്കും മനേസറിനും അവാർഡ് നൽകുന്നതായാണ് വീഡിയോയിൽ അവതാരക പറയുന്നത്. സുദർശൻ ചാനലിന്റെ എഡിറ്റർ ഇൻ ചീഫായ സുരേഷ് ചാവങ്കെ പ്രകോപന പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിനേക്കാൾ കൂടുതൽ കുറ്റപത്രങ്ങൾ തന്റെ പേരിലുണ്ടെന്ന് ചാവങ്കെ ജൂണിൽ അവകാശപ്പെട്ടിരുന്നു. 'ഇത് എനിക്കെതിരെയുള്ള 1827ാമത് എഫ്‌ഐആറാണ്. ഹിന്ദുക്കളുടെ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ 18,000 വട്ടം ഞാൻ കുറ്റവാളിയായാലും ഞാനത് തുടരും' സുരേഷ് ചാവങ്കെ അന്ന് പറഞ്ഞു.

ആരാണ് മോനു മനേസറും ബിട്ടു ബജ്‌റംഗിയും?

ബജ്‌റംഗ്ദൾ പ്രവർത്തകനായ മോനു മനേസർ പങ്കുവെച്ച വീഡിയോ ഹരിയാനയിലെ നൂഹിൽ സംഘർഷത്തിന് കാരണമായതായി റിപ്പോർട്ടുണ്ടായിരുന്നു. നൂഹിലെ ഘോഷയാത്രയിൽ താൻ പങ്കെടുക്കുമെന്നാണ് മോനു മനേസർ വീഡിയോയിൽ പറഞ്ഞത്. പശു സംരക്ഷനെന്ന് അവകാശപ്പെടുന്ന മോനു മനേസർ, രണ്ട് മുസ്‌ലിം കന്നുകാലി വ്യാപാരികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണം നേരിട്ടയാളാണ്. ഇരകളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ ഭീവാനിയിലെ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നൂഹിലെ സംഘർഷത്തിൽ മനേസറുടെ പങ്ക് അന്വേഷിക്കാൻ കഴിഞ്ഞാഴ്ച ഹരിയാന ഡിജിപി പി.കെ അഗർവാൾ പ്രത്യേക സംഘം രൂപീകരിച്ചതായി അറിയിച്ചിരുന്നു. ബിട്ടു ബജ്‌റംഗി നൂഹിലെ കലാപത്തിൽ കേസിലുൾപ്പെട്ടയാളാണ്. സംഭവത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

നൂഹിലെ ഘോഷയാത്രയിൽ പങ്കെടുക്കാൻ മോനു മനേസർ, തന്റെ അനുയായികളോടും ആഹ്വാനം ചെയ്തിരുന്നു. മോനുവിന്റെ സാന്നിധ്യം പ്രകോപനമുണ്ടാക്കാനിടയുണ്ടെന്ന് സ്ഥലം എം.എൽ.എ ചൗധരി അഫ്താബ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നൂഹിലൂടെയുള്ള യാത്രയ്ക്ക് അനുമതി നൽകിയ അധികൃതർ, ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ഇതിനു മുൻപുള്ള വർഷങ്ങളിൽ നൂഹിലൂടെ ഘോഷയാത്ര നടന്നിട്ടുണ്ടെന്നും സമാധാനപരമായാണ് അവയെല്ലാം നടന്നതെന്നും പ്രദേശത്തെ എല്ലാവരും ആ യാത്രയെ സ്വാഗതം ചെയ്തിരുന്നുവെന്നും എം.എൽ.എ പറഞ്ഞു. അധികൃതരുടെ അലംഭാവമാണ് ഇത്തവണ സംഘർഷത്തിലേക്ക് നയിച്ചതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഭിവാനിയിലാണ് കത്തിക്കരിഞ്ഞ കാറിൽ കൊല്ലപ്പെട്ട നിലയിൽ ജുനൈദ്, നസീർ എന്നീ രണ്ട് കന്നുകാലി വ്യാപാരികളെ കണ്ടെത്തിയത്. ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇരുവരുടെയും കുടുംബം ആരോപിച്ചിരുന്നു. ഈ സംഭവത്തിൽ മോനു മനേസറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. മോനു മനേസറെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ വിവരം ചോർന്നതോടെ അയാൾ രക്ഷപ്പെട്ടുവെന്നാണ് രാജസ്ഥാൻ പൊലീസ് പറഞ്ഞത്.

ഗുരുഗ്രാമിലെ മനേസർ സ്വദേശിയായ മോനു മനേസറെന്ന മോഹിത് യാദവ് ബജ്‌റംഗ്ദളിൻറെ ഭാഗമായ ഗോരക്ഷാ ദളിൻറെ നേതാവാണ്. പശു സംരക്ഷകർ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോകൾ മോനു മനേസർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. 2015ൽ പശു സംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം ഹരിയാന സർക്കാർ രൂപീകരിച്ച ജില്ലാ പശു സംരക്ഷണ ടാസ്‌ക് ഫോഴ്സിൽ അംഗമായിരുന്നു. 2019ൽ പശുക്കടത്തുകാരെ പിന്തുടരുന്നതിനിടെ വെടിയേറ്റെന്ന് മോനു മനേസർ പറയുകയുണ്ടായി. ലവ് ജിഹാദിനെതിരെ എന്ന പേരിൽ വിദ്വേഷ ക്യാമ്പെയിനുകളും മോനു മനേസർ നടത്താറുണ്ടായിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള മോനു മനേസർ, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആയുധങ്ങളും പതിവായി പ്രദർശിപ്പിക്കാറുണ്ട്.

Monu Manesar and Bittu Bajrarangi awarded by Sudarshan TV

TAGS :

Next Story