Quantcast

കയ്യേറ്റം ആരോപിച്ച് 20 വർഷം പഴക്കമുള്ള കട പൊളിച്ചുനീക്കി; മൊറാദാബാദിൽ ബിജെപി നേതാവിന്റെ സഹോദരൻ ജീവനൊടുക്കി

ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായ ഗജേന്ദ്ര സിങ്ങിന്റെ സഹോദരനായ ചേതൻ സൈനിയാണ് ആത്മഹത്യ ചെയ്തത്.

MediaOne Logo

Web Desk

  • Published:

    31 July 2025 5:11 PM IST

Moradabad trader dies by suicide after his 20-year-old shop razed
X

മൊറാദാബാദ്: കയ്യേറ്റം ആരോപിച്ച് 20 വർഷം പഴക്കമുള്ള കട അധികൃതർ പൊളിച്ചു നീക്കിയതിനെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായ ഗജേന്ദ്ര സിങ്ങിന്റെ സഹോദരനായ ചേതൻ സൈനിയാണ് ആത്മഹത്യ ചെയ്തത്. മജ്‌ഹോളയിലെ മണ്ഡി സമിതി പ്രദേശത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പഴക്കച്ചവടം നടത്തിവരികയായിരുന്നു സൈനി. തന്റെ കട പൊളിച്ചതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായ സൈനി സോഷ്യൽ മീഡിയ പോസ്റ്റിൽ നിരാശ പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

സൈനിയുടെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കട 20 വർഷത്തോളമായി പ്രവർത്തിച്ചുവരികയായിരുന്നു. നോട്ടീസ് നൽകുകയോ പകരം സംവിധാനമൊരുക്കാൻ അവസരം നൽകുകയോ ചെയ്യാതെ കട പൊളിച്ചതിൽ സൈനി വലിയ വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ചയാണ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ഇതിൽ വിഷമത്തിലായ സൈനി രാത്രി സ്വന്തം വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

''വ്യാപാരികൾ പൂർണമായി നശിച്ചു. ദൈവത്തിന്റെ കൃപകൊണ്ട് മഴയും പെയ്തു. ഭരണകൂടം അത് ആസ്വദിക്കുകയായിരുന്നു. ഇനി പറയൂ, എന്ത് ചെയ്യണം? ഈ നാശത്തിന് ആരാണ് ഉത്തരവാദി?''- സൈനി സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.

സൈനി ആത്മഹത്യ ചെയ്തതോടെ ഒഴിപ്പിക്കൽ വലിയ രാഷ്ട്രീയ വിവാദമായി. ബുധനാഴ്ച ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മൊറാദാബാദ് സന്ദർശിക്കുകയും ദുഃഖിതരായ കുടുംബത്തെ കാണുകയും ചെയ്തു. സൈനിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി. ചേതൻ സൈനിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഉപമുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന എംഎൽഎ റിതേഷ് ഗുപ്ത പറഞ്ഞു.

TAGS :

Next Story