Quantcast

അണ്ണാമലൈയോട് അതൃപ്തി; തമിഴ്നാട്ടിൽ ബിജെപിക്ക് വൻ തിരിച്ചടിയായി 100ലേറെ വനിതകൾ അണ്ണാ ഡിഎംകെയിൽ ചേർന്നു

13 ഭാരവാഹികൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ട രാജി.

MediaOne Logo

Web Desk

  • Published:

    23 March 2023 4:01 PM GMT

More than 100 women joined AIDMK in Tamil Nadu from BJP over Dissatisfied with the leadership of Annamalai
X

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. 13 ഭാരവാഹികൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിന് പിന്നാലെ ചെങ്കൽപട്ട് ജില്ലയിലെ നൂറിലധികം വനിതാ അംഗങ്ങളും പാർട്ടി വിട്ടു. ഇവരും എഐഎഡിഎംകെയിലേക്കാണ് മാറിയത്. തമിഴ്നാട്ടിൽ എഡിഎംകെയുമായി സഖ്യത്തിലാണെങ്കിലും പാർട്ടിയിൽ നിന്നും ഇത്രയധികം പേരുടെ കൂട്ട രാജി ബിജെപിയെ വലിയ പ്രതിരോധത്തിലാക്കി.

ബിജെപി ചെങ്കൽപട്ട് ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാദേവി ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു 100 വനിതാ അംഗങ്ങൾ പാർട്ടി വിട്ടത്. എഐഎഡിഎംകെ മുൻ മന്ത്രി ചിന്നയ്യ, എഐഎഡിഎംകെ ജില്ലാ സെക്രട്ടറി ചിറ്റ്ലബാക്കം സി രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അം​ഗത്വമെടുത്തത്. ‌

"ബിജെപി നേതൃത്വത്തിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളോടുള്ള ബഹുമാനക്കുറവിലും ഞങ്ങൾക്ക് അതൃപ്തിയുണ്ട്. എല്ലാ തലത്തിലും ബിജെപി ഞങ്ങളോട് മോശമായി പെരുമാറി. അത് പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ ഞങ്ങളെ പ്രേരിപ്പിച്ചു"- രാജിക്കു ശേഷം ഗംഗാദേവി ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മണ്ഡല, ജില്ലാ തലങ്ങളിലെ സംഘർഷങ്ങളെക്കുറിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുമായി സംസാരിച്ചിരുന്നെങ്കിലും തങ്ങളുടെ പരാതികൾ ചെവിക്കൊള്ളാൻ അദ്ദേഹം തയ്യാറായില്ലെന്നും ഗംഗാദേവി ശങ്കർ കൂട്ടിച്ചേർത്തു. പരാതികൾ പരിഹരിച്ചിരുന്നെങ്കിൽ തങ്ങൾ പാർട്ടി വിടില്ലായിരുന്നുവെന്നും ഗംഗാദേവി ശങ്കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിജെപി വിട്ട് എഐഎഡിഎംകെയിലേക്ക് മാറിയവരെല്ലാം അണ്ണാമലൈയുടെ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാന ഐടി വിഭാഗം തലവൻ സിടിആർ നിർമൽ കുമാർ, ‌ഐടി വിഭാഗം സെക്രട്ടറി ദിലീപ് കണ്ണൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ജ്യോതി, മുൻ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ, തിരുച്ചി സബർബൻ ജില്ലാ ഡെപ്യൂട്ടി ചെയർമാൻ വിജയ് എന്നിവർ സമീപകാലത്ത് ബിജെപി വിട്ട നേതാക്കളിൽ ഉൾപ്പെടുന്നു.

TAGS :

Next Story