സിആർപിഎഫിൽ ജോലി കിട്ടിയെന്ന് മകൻ; പൊട്ടിക്കരഞ്ഞ് തെരുവിൽ പച്ചക്കറി വിൽക്കുന്ന അമ്മ, 12 മില്യണിലധികം പേര്‍ കണ്ട വീഡിയോ
നിരവധി പേരാണ് യുവാവിനെയും അമ്മയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്

ഡൽഹി: ചില സന്തോഷങ്ങൾ ഏറ്റവും വലിയ സന്തോഷങ്ങളാകുന്നതെന്ന് എപ്പോഴാണെന്നറിയാമോ? അത് നമ്മുടെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുമ്പോഴാണ്. കരിയറിലെയാണെങ്കിലും ജീവിതത്തിലെയാണെങ്കിലും നേട്ടങ്ങൾ അച്ഛനോടോ അമ്മയോടോ പ്രിയപ്പെട്ടവരോടോ പറയുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കവും ആ അത്ഭുതച്ചിരിയുമായിരിക്കും ആ നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നത്. അത്തരത്തിലൊരു വീഡിയോയായാണ് സോഷ്യൽമീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത്.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ(സിആര്‍പിഎഫ്) ജോലി കിട്ടിയ മകൻ ഇക്കാര്യം അമ്മയോട് പറയുന്നതാണ് വീഡിയോയിലുള്ളത്. റോഡരികിൽ പച്ചക്കറി വിൽക്കുന്ന അമ്മയുടെ അടുത്തെത്തി യുവാവ് തനിക്ക് ജോലി കിട്ടിയ കാര്യം പറയുകയാണ്. ഇതുകേട്ട അമ്മ സന്തോഷത്തോടെ മകനെ കെട്ടിപ്പിടിക്കുന്നതും കാണാം. ഇവരുടെ സന്തോഷം ആഘോഷിക്കാൻ യുവാവിന്‍റെ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു.
മഹാരാഷ്ട്ര പിംഗുലിയിലെ ഷെത്കർ വാഡിയിൽ നിന്നുള്ള ഗോപാൽ സാവന്ത് എന്ന യുവാവാണ് വീഡിയോയിലുള്ളത്. പച്ചക്കറികൾ വിറ്റാണ് അമ്മ ഗോപാലിനെ വളര്‍ത്തിയതും പഠിപ്പിച്ചതും. വിലാസ് കുഡാൽക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. "പിംഗുലിയിലെ ഷെത്കർ വാഡിയിൽ നിന്നുള്ള ഗോപാൽ സാവന്ത് രാജ്യത്തെ സേവിക്കുന്നതിനായി സിആർപിഎഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുഡൽ നഗർ പഞ്ചായത്തിലെ നടപ്പാതയിൽ പച്ചക്കറി വിൽക്കുന്ന തന്റെ അമ്മയോട് അദ്ദേഹം ഈ വാർത്ത പറയുന്ന ഹൃദയസ്പർശിയായ വീഡിയോ." എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് യുവാവിനെയും അമ്മയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. യുവാവിന്‍റെ അമ്മയോടുള്ള സ്നേഹം മാത്രമല്ല, ആഗ്രഹിച്ചത് നേടാനുള്ള സ്ഥിരോത്സാഹവും പ്രശംസനീയമാണ്. വീഡിയോ ഇതിനോടകം 12 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. 730,000-ത്തിലധികം ലൈക്കുകളും ലഭിച്ചു.
Adjust Story Font
16

