കർണാടകയിൽ അമിത് ഷായുടെ ഇടപെടൽ; ജഗദീഷ് ഷെട്ടറിനെ തിരികെ പാർട്ടിയിലെത്തിക്കാൻ നീക്കം
കോൺഗ്രസിന്റെ 'ഓപ്പറേഷൻ ഹസ്ത' ബി.ജെ.പി ക്യാമ്പിൽ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ ഇടപെടൽ
ബംഗളൂരു: കർണാടകയിൽ ഡി.കെ ശിവകുമാറിന്റെ 'ഓപ്പറേഷൻ ഹസ്ത' ബി.ജെ.പി ക്യാമ്പിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ അമിത് ഷാ ഇടപെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പാളയത്തിലെത്തിയ മുൻ മുഖ്യമന്ത്രിയും കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടറിനെ തിരികെയെത്തിക്കാനാണ് ശ്രമം. അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതൃത്വവും ഷെട്ടറുമായി ചർച്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം അമിത് ഷാ 10 മിനിറ്റോളം ഷെട്ടറുമായി ഫോണിൽ സംസാരിച്ചെന്നാണ് വിവരം.
വടക്കൻ കർണാടകയിലെ ലിംഗായത്ത് സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ജഗദീഷ് ഷെട്ടർ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വടക്കൻ കർണാടകയിലെ നിരവധി ബി.ജെ.പി നേതാക്കൾ കോൺഗ്രസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഷെട്ടർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് 'ഓപ്പറേഷൻ ഹസ്ത' എന്ന പേരിൽ അറിയപ്പെടുന്നത്. യശ്വന്തപുരം മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ എസ്.ടി സോമശേഖറും യല്ലപൂർ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാറും ഉടൻ തന്നെ കോൺഗ്രസിൽ ചേരുമെന്ന അഭ്യുഹങ്ങളും ശക്തമാണ്.
ജെ.ഡി.എസിന്റെ മുതിർന്ന നേതാവായിരുന്ന ആയന്നൂർ മഞ്ജുനാഥ് കഴിഞ്ഞ ദിവസം കോൺഗ്രസ് ആസ്ഥാനത്തെത്തി ഡി.കെ ശിവകുമാറിൽനിന്ന് അംഗത്വം സ്വീകരിച്ചിരുന്നു.
Adjust Story Font
16