അവശ്യവസ്തുക്കളുമായി 7-ഇലവൻ ഇന്ത്യയിലും; ഫ്രാഞ്ചൈസി റിലയൻസിന്

ശനിയാഴ്ച മുംബൈയിലെ അന്ധേരി ഈസ്റ്റിൽ ഇന്ത്യയിലെ ആദ്യ 7-ഇലവൻ കൺവീനിയൻസ് സ്‌റ്റോർ തുറക്കും

MediaOne Logo

Web Desk

  • Updated:

    2021-10-07 16:00:10.0

Published:

7 Oct 2021 1:45 PM GMT

അവശ്യവസ്തുക്കളുമായി 7-ഇലവൻ ഇന്ത്യയിലും; ഫ്രാഞ്ചൈസി റിലയൻസിന്
X

ലോകത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ 7-ഇലവൻ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കാൻ റിലയൻസ്. ഇന്ത്യയിൽ ഫ്രാഞ്ചൈസി ആരംഭിക്കാനുള്ള കരാർ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്(ആർആർവി) സ്വന്തമാക്കി. ശനിയാഴ്ച മുംബൈയിലെ അന്ധേരി ഈസ്റ്റിലാണ് ഇന്ത്യയിലെ ആദ്യ 7-ഇലവൻ കൺവീനിയൻസ് സ്‌റ്റോർ തുറക്കുക.

ഇന്ത്യയിൽ 7-ഇലവൻ സ്റ്റോറുകൾ തുറക്കാനുള്ള ഫ്രാഞ്ചൈസി 2019ൽ ഫ്യൂച്ചർ റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിനായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്റ്റോർ ആരംഭിക്കാനാകാത്തതിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. ഇതിനു പുറമെ ഫ്രാഞ്ചൈസി ഇനത്തിൽ നൽകാനുള്ള തുകയും കമ്പനിക്ക് നൽകാനായിരുന്നില്ല. ഇതോടെയാണ് കരാർ റദ്ദാക്കാൻ തീരുമാനമായത്. പിന്നാലെ 7-ഇലവനുമായി റിലയൻസ് കരാറിൽ ഒപ്പുവയ്ക്കുകയായിരുന്നു.

ഇന്ത്യൻ റീട്ടെയിൽ വിപണി കീഴടക്കാനുള്ള റിലയൻസിന്റെ പദ്ധതികളിൽ നിർണായക ചുവടുവയപ്പാകും 7-ഇലവൻ സ്റ്റോറുകൾ. കഴിഞ്ഞ വർഷം മാത്രം 1,500 റിലയൻസ് സ്‌റ്റോറുകളാണ് രാജ്യവ്യാപകമായി തുറന്നത്. രാജ്യത്തെ ആകെ റിലയൻസ് സ്റ്റോറുകളുടെ എണ്ണം 13,000 കടന്നിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലൊന്നാണ് ഇന്ത്യയെന്നാണ് റിലയൻസുമായുള്ള കരാറിനു പിറകെ 7-ഇലവൻ പ്രസിഡന്റും സിഇഒയുമായ ജോ ഡിപിന്റോ പ്രതികരിച്ചത്. ലോകത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ 7-ഇലവന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഏറ്റവും മികച്ച സമയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെ 18ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള വ്യാപാരശൃംഖലയാണ് ടെക്‌സാസ് ആസ്ഥാനമായുള്ള 7-ഇലവൻ. ലോകവ്യാപകമായി 77,000 സ്‌റ്റോറുകളാണ് കമ്പനിക്കുള്ളത്. ഭക്ഷ്യവസ്തുക്കൾക്കു പുറമെ നിത്യോപയോഗത്തിനു വേണ്ട അവശ്യവസ്തുക്കളുമാണ് സ്റ്റോറുകളിൽ വിൽക്കപ്പെടുന്നത്.

TAGS :

Next Story