Quantcast

എസ്പിക്ക് ബിജെപിയുടെ ഷോക്ക് ട്രീറ്റ്മെന്‍റ്; മറുകണ്ടം ചാടാനൊരുങ്ങി മുലായം സിങ്ങിന്റെ മരുമകൾ-ചർച്ചയ്ക്കായി ഡൽഹിയിൽ

സ്വഛ് ഭാരത് കാംപയിനിന്റെ പേരിൽ മോദി സർക്കാരിനെ പ്രശംസിച്ച് അപർണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാവകാശം റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെയും അവർ പിന്തുണച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-18 16:12:39.0

Published:

18 Jan 2022 4:10 PM GMT

എസ്പിക്ക് ബിജെപിയുടെ ഷോക്ക് ട്രീറ്റ്മെന്‍റ്; മറുകണ്ടം ചാടാനൊരുങ്ങി മുലായം സിങ്ങിന്റെ മരുമകൾ-ചർച്ചയ്ക്കായി ഡൽഹിയിൽ
X

സമാജ്‌വാദി പാർട്ടി(എസ്പി) ആചാര്യൻ മുലായം സിങ് യാദവിന്റെ മരുമകൾ ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. മുലായമിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ യാദവ് ഡൽഹിയിലെത്തിയതായി മാധ്യമപ്രവർത്തകർ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ ബിജെപിയിൽ അംഗത്വമെടുക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനുംനാൾ മാത്രം ബാക്കിനിൽക്കെ മൂന്ന് മന്ത്രിമാരടക്കം ഒബിസി വിഭാഗത്തിൽനിന്നുള്ള നിരവധി എംഎൽഎമാരെ പാർട്ടിയിലെത്തിച്ച് ബിജെപി ക്യാംപിനെ ഞെട്ടിച്ച എസ്പിക്ക് തിരിച്ചടിയാകും പുതിയ നീക്കം. അപർണയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. പാർട്ടിയിലെത്തിയാൽ നിയമസഭാ സീറ്റ് നൽകുമെന്ന് ബിജെപി നേതാക്കൾ അപർണയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യം അപർണ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

സമാജ്‌വാദി പാർട്ടിയിൽ സജീവമാണ് അപർണ യാദവ്. 2017ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഖ്‌നൗ കന്റോൺമെന്റ് മണ്ഡലത്തിൽ മത്സരിച്ച അവർ ബിജെപി സ്ഥാനാർത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് തോറ്റത്. നേരത്തെ, സ്വഛ് ഭാരത് കാംപയിനിന്റെ പേരിൽ മോദി സർക്കാരിനെ പ്രശംസിച്ച് അപർണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാവകാശം റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെയും അവർ പിന്തുണച്ചിരുന്നു.

മൂന്നു മന്ത്രിമാരടക്കം നിരവധി എംഎൽഎമാരാണ് ബിജെപി പാളയത്തിൽനിന്ന് രാജിവച്ച് കഴിഞ്ഞ ദിവസങ്ങളിലായി സമാജ്വാദി പാർട്ടിയിൽ ചേർന്നത്. മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയ്ക്കും ധരം സിങ് സൈനിക്കും ദാരാസിങ് ചൗഹാനും പുറമെ എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരാണ് ബിജെപിയിൽനിന്ന് എസ്പിയിലേക്ക് കൂടുമാറിയത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യു.പി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും.

അഖിലേഷ് യാദവിന്റെ കുടുംബത്തിൽനിന്നു തന്നെ ഒരു പ്രമുഖയെ അടർത്തിയെടുത്ത് എസ്പിക്ക് തിരിച്ചടി നൽകാനാകുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ, ഇതു വലിയ കാര്യമായെടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അഖിലേഷ് പ്രതികരിച്ചിരുന്നു. പിന്നാക്ക വോട്ടുകളെക്കാളും തന്റെ കുടുംബത്തിന്റെ കാര്യത്തിലാണ് ബിജെപിക്ക് ശ്രദ്ധയെന്നും കുറ്റപ്പെടുത്തലുണ്ടായിരുന്നു.

Summary: Mulayam Singh's daughter-in-law Aparna Yadav in Delhi; Likely to join BJP

TAGS :

Next Story