Quantcast

നുപൂർ ശർമയെ മുംബൈ പൊലീസ് ഉടൻ ചോദ്യം ചെയ്യും

പ്രവാചകനെതിരായ അപകീർത്തി പരാമർശത്തിൽ നേരത്തെ മുംബൈ പൊലീസ് നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-06 16:08:19.0

Published:

6 Jun 2022 2:09 PM GMT

നുപൂർ ശർമയെ മുംബൈ പൊലീസ് ഉടൻ ചോദ്യം ചെയ്യും
X

മുംബൈ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമയെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. നുപൂർ ശർമയ്ക്ക് ഉടൻ തന്നെ സമൻസ് അയക്കുമെന്ന് മുംബൈ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെ അറിയിച്ചു.

വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് സഞ്ജയ് പാണ്ഡെയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. ശർമയ്ക്ക് ഉടൻ തന്നെ സമൻസ് അയയ്ക്കുമെന്നും വിവാദ പരാമർശത്തിൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കമ്മിഷണർ അറിയിച്ചു. അപകീർത്തി പരാമർശത്തിൽ നേരത്തെ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.

നുപൂർ ശർമ നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞയാഴ്ച ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നുപൂർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തുകയായിരുന്നു. നുപൂറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നുപൂർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Summary: Mumbai Police to question Nupur Sharma over derogatory remarks on Prophet Mohammed

TAGS :

Next Story