Quantcast

നൂഹിൽ വര്‍ഗീയ ലഹളയ്ക്കിടെ ക്ഷേത്രത്തിനും ഗോശാലയ്ക്കും കാവലൊരുക്കി മുസ്‌ലിം യുവാക്കൾ

മറോറയിലെ സർപഞ്ച് മുഷ്താഖ് ഖാന്റെ നിർദേശപ്രകാരമാണ് 40ഓളം വരുന്ന മുസ്‌ലിം യുവാക്കൾ ദിവസവും രാത്രിസമയങ്ങളിൽ ക്ഷേത്രത്തിനു സുരക്ഷയൊരുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-21 16:46:19.0

Published:

21 Aug 2023 4:45 PM GMT

Muslim youths guard temple in Nuh village amid communal violence, Marora village temple, Marora, Haryana, Nuh
X

മറോറയിലെ ക്ഷേത്രത്തിനു മുന്നില്‍ മുസ്‍ലിം യുവാക്കള്‍

ഗുരുഗ്രാം: വർഗീയ സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിൽ ക്ഷേത്രത്തിനും ഗോശാലയ്ക്കും കാവലിരുന്ന് മുസ്‌ലിം യുവാക്കൾ. നൂഹ് ജില്ലയിലെ മറോറയിലാണ് രാത്രിസമയങ്ങളിൽ ക്ഷേത്രത്തിനു മുസ്‌ലിം യുവാക്കൾ ഉറക്കമിളച്ച് സംരക്ഷണമൊരുക്കുന്നത്.

ജൂലൈ 31നായിരുന്നു നൂഹിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടത്. ഇതിനു തൊട്ടടുത്ത ദിവസം ആഗസ്റ്റ് ഒന്നിന് മറോറയിൽ ചേർന്ന ഗ്രാമസഭയിലാണു പ്രദേശത്തെ ക്ഷേത്രത്തിനു സംരക്ഷണം നൽകണമെന്ന് സർപഞ്ച് മുഷ്താഖ് ഖാൻ ആവശ്യപ്പെട്ടത്. കലാപം പടരുന്നതു തടയാനുള്ള തീരുമാനങ്ങളുടെ ഭാഗമായിരുന്നു ഇതും. പുറത്തുനിന്നുള്ളവർ ഗ്രാമത്തിൽ പ്രവേശിക്കുന്നത് ഗ്രാമമുഖ്യൻ വിലക്കുകയും ചെയ്തിട്ടുണ്ട്.

തീരുമാനപ്രകാരം 40ഓളം വരുന്ന യുവാക്കൾ കൂട്ടമായാണു ക്ഷേത്രത്തിനു കാവൽ നിൽക്കുന്നത്. രാത്രി പത്തു മണി മുതൽ പുലർച്ചെ നാലു വരെയാണ് യുവാക്കൾ ക്ഷേത്ര പരിസരത്തുണ്ടാകുക. മുസ്‌ലിം ഭൂരിപക്ഷമായ ഗ്രാമത്തിൽ 10,000ത്തിലേറെ താമസക്കാരുണ്ട്. 3,500ലേറെ വോട്ടർമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

നൂഹ് നഗരത്തിലെ സംഭവവികാസങ്ങൾ മറോറയിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്ന് സർപഞ്ച് മുഷ്താഖ് ഖാൻ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് പറഞ്ഞു. നൂഹിൽ സംഘർഷം ഉടലെടുത്തതിനു പിന്നാലെ ഗ്രാമത്തിലെ ഹിന്ദു സമൂഹം ഭയത്തിലായിരുന്നു. ഇതു മനസിലാക്കിയാണ് ഉടൻ തന്നെ വിവിധ സമുദായക്കാരുടെ യോഗം വിളിച്ചുചേർത്ത് ക്ഷേത്രത്തിനും ഗോശാലയ്ക്കുമെല്ലാം സംരക്ഷണമൊരുക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

20 മുതൽ 40 വരെ ആളുകളുള്ള സംഘങ്ങൾ ഓരോ ദിവസവും കാവൽനിൽക്കാൻ യോഗത്തിൽ ഒറ്റക്കെട്ടായാണു തീരുമാനിച്ചതെന്ന് മുഷ്താഖ് ഖാൻ പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം തീരുന്നതുവരെ സംരക്ഷണം തുടരാനും തീരുമാനമുണ്ട്. വളരെ സമാധാനത്തോടെയാണ് ഇവിടെ തങ്ങൾ ജീവിച്ചുവന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂഹ് സംഭവങ്ങൾക്കുശേഷം ആശങ്കയിലായിരുന്നുവെന്നും പൊലീസിൽ സഹായം തേടാനിരിക്കുകയായിരുന്നുവെന്നും ക്ഷേത്രത്തിലെ പൂജാരി മഹർഷി ദയാനന്ദ് അർഷ് പറഞ്ഞു. ഇതിനിടെയാണു ക്ഷേത്രം സംരക്ഷിക്കാൻ യുവാക്കളെ ചുമതലപ്പെടുത്തി നാട്ടുകാർ തീരുമാനിച്ചത്. പുറത്തുനിന്ന് ആരെയും ക്ഷേത്രത്തിന്റെ പരിസരത്തേക്കു വരാൻ അനുവദിച്ചിരുന്നില്ലെന്നും പറഞ്ഞു.

Summary: Muslim youths guard temple in Nuh village amid communal violence

TAGS :

Next Story