Quantcast

'താർ വേണം, ഇല്ലെങ്കിൽ കല്യാണമില്ല'; വിവാഹദിനത്തിൽ വരന്റെ വാശി, വധു ആശുപത്രിയിൽ

ഒക്ടോബർ 26 തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നഗരത്തിലെ വിവാഹമണ്ഡപവും ബുക്ക് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    28 Oct 2026 3:46 PM IST

താർ വേണം, ഇല്ലെങ്കിൽ കല്യാണമില്ല; വിവാഹദിനത്തിൽ വരന്റെ വാശി, വധു ആശുപത്രിയിൽ
X

ഗോണ്ട: താർ എസ്‌യുവി സ്ത്രീധനമായി ലഭിച്ചാൽ മാത്രമേ വിവാഹത്തിന് തയ്യാറാകൂവെന്ന നിലപാടിൽ വരൻ ഉറച്ചുനിന്നതോടെ വിവാഹം മുടങ്ങി. നിശ്ചയിച്ച സമയത്ത് വരനും വിവാഹസംഘവും എത്താതിരുന്നതോടെ വധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. വരനും കുടുംബത്തിനുമെതിരെ വധുവിന്റെ കുടുംബം നഗർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി വരനെയും വിവാഹസംഘത്തെയും കാത്തിരുന്ന വധുവിന് രാത്രി മുഴുവൻ കാത്തിരിക്കേണ്ടിവന്നു. വരൻ എത്തില്ലെന്നും വിവാഹം നടക്കില്ലെന്നും വ്യക്തമായതോടെ മാനസികമായി തകർന്ന യുവതി പലതവണ ബോധരഹിതയായി. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കതാരിയ സ്വദേശിയായ ഡ്രൈവർ മിർസ അജ്മൽ ബേഗിന്റെ മകൾ നൗഷബ മിർസ ബേഗിന്റെ വിവാഹമാണ് മുടങ്ങിയത്. ഒരു വർഷം മുമ്പാണ് ഗോരഖ്പൂർ സ്വദേശിയായ മുഹമ്മദ് അസ്ലമിന്റെ മകൻ മുഹമ്മദ് സൽമാനുമായി വിവാഹം നിശ്ചയിച്ചത്. വിദേശത്ത് പഠിക്കുന്ന സൽമാൻ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുള്ള കുടുംബത്തിലെ മൂത്ത മകനാണ്.

ഒക്ടോബർ 26 തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നഗരത്തിലെ വിവാഹമണ്ഡപവും ബുക്ക് ചെയ്തിരുന്നു. വധു മെഹന്ദിയണിഞ്ഞ് വിവാഹവേഷത്തിൽ ഒരുങ്ങിയിരുന്നു. ബന്ധുക്കളും വിവാഹസംഘത്തെ സ്വീകരിക്കാനായി കാത്തുനിന്നു.

വരന്റെ ഭാഗത്തുനിന്ന് വൈകിയതോടെ വധുവിന്റെ കുടുംബം ബന്ധുക്കളെ ഫോണിൽ വിളിച്ചു. വിവാഹസംഘം ഉടൻ പുറപ്പെടുമെന്നായിരുന്നു ഓരോ തവണയും ലഭിച്ച മറുപടി. എന്നാൽ, പുലർച്ചെ ആറുമണിയായിട്ടും ആരും എത്തിയില്ല.

അർധരാത്രിക്ക് ശേഷം താർ വേണമെന്ന ആവശ്യത്തിൽ വരന്റെ കുടുംബം ഉറച്ചുനിന്നതായി വധുവിന്റെ മാതാവ് നാസോ ഖാത്തൂൻ പറഞ്ഞു. വിവാഹം നടക്കില്ലെന്നും ബന്ധം അവസാനിപ്പിക്കുകയാണെന്നും അറിഞ്ഞതോടെ മകൾ ബോധരഹിതയായെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നെന്നും അവർ വ്യക്തമാക്കി.

വിവാഹം നിശ്ചയിച്ചതിനുശേഷം വരൻ പലതവണ വീട്ടിലെത്തിയിരുന്നുവെന്നും ഒരുതവണ 15 ദിവസം വരെ താമസിച്ചിരുന്നുവെന്നും നാസോ ഖാത്തൂൻ പറഞ്ഞു. തുടക്കത്തിൽ ഒന്നും വേണ്ടെന്നും ലളിതമായ നിക്കാഹ് മതിയെന്നുമാണ് വരനും കുടുംബവും പറഞ്ഞിരുന്നത്. ഏക മകളായതിനാൽ തങ്ങളുടെ സാമ്പത്തികശേഷിക്കനുസരിച്ച് ഒരു മോട്ടോർസൈക്കിൾ നൽകാമെന്ന് അറിയിച്ചപ്പോൾ അവർ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വിവാഹദിനത്തിൽ താർ വേണമെന്ന ആവശ്യവുമായി വരന്റെ കുടുംബം നിലപാട് കടുപ്പിച്ചു. കുടുംബത്തിലെ മുതിർന്നവർ കൈകൂപ്പി അഭ്യർഥിച്ചിട്ടും അവർ വഴങ്ങിയില്ലെന്നും വധുവിന്റെ മാതാവ് പറഞ്ഞു.സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കുടുംബത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.സംഭവത്തിൽ വധുവിന്റെ കുടുംബം നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

TAGS :

Next Story