ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങൾ: രണ്ടാം സാക്ഷി ടി. ജയന്തിന്റെ വെളിപ്പെടുത്തലും എസ്ഐടി അന്വേഷിക്കും
ഏകദേശം 15 വർഷം മുമ്പ് ധർമ്മസ്ഥല ഗ്രാമത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ടെന്ന് ജയന്ത് പരാതിയിൽ പറഞ്ഞു

മംഗളൂരു: ധർമ്മസ്ഥലയിലെ ശവസംസ്കാരം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ രണ്ടാം സാക്ഷി ബെൽത്തങ്ങാടിയിലെ ടി.ജയന്തിന്റെ പരാതിയും എസ്ഐടി അന്വേഷിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ ചൊവ്വാഴ്ച പറഞ്ഞു. എസ്പിയുടെ നിർദേശം അനുസരിച്ച് തിങ്കളാഴ്ച ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ജയന്ത് പരാതി നൽകിയിരുന്നു.
ഈ പരാതിയാണ് കർണാടക ഡിജിപിയും ഐജിയുമായ എം.എ സലീമിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഇനി മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണവും എസ്‌ഐടി നടത്തും. ഏകദേശം 15 വർഷം മുമ്പ് ധർമ്മസ്ഥല ഗ്രാമത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ട് എന്ന് ജയന്ത് പരാതിയിൽ പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങളോ പൊലീസ് ഇടപെടലോ പോസ്റ്റ്‌മോർട്ടമോ ഇല്ലാതെയാണ് മൃതദേഹം സംസ്കരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം താൻ നേരിട്ട് കണ്ടു. അത് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, എഫ്‌ഐആർ ഫയൽ ചെയ്തില്ല, പോസ്റ്റ്‌മോർട്ടം നടത്തിയില്ല. മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു. ഇത് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ തനിക്കുണ്ട് എന്നായിരുന്നു ജയന്തിന്റെ വെളിപ്പെടുത്തൽ.
Adjust Story Font
16

