Quantcast

'സമാജ്‌വാദിയല്ല, നമസ്‌വാദി': വഖഫ് നിയമ വിരുദ്ധ പ്രതിഷേധത്തിൽ തേജസ്വിക്കെതിരെ ബിജെപി

ആർജെഡിയുടെയും എസ്പിയുടെയും സോഷ്യലിസത്തെ സോഷ്യലിസം എന്ന് വിളിക്കാൻ കഴിയില്ല

MediaOne Logo

Web Desk

  • Published:

    30 Jun 2025 1:52 PM IST

Tejashwi
X

പറ്റ്ന: വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സമാജ്‌വാദ് (സോഷ്യലിസം) എന്നതിനെക്കാൾ നമസ്‌വാദ് പ്രോത്സാഹിപ്പിക്കുന്നതിലാണ് തേജസ്വിയുടെ പാര്‍ട്ടിക്ക് താൽപര്യമെന്ന് ബിജെപി ആരോപിച്ചു.

"സോഷ്യലിസത്തിന്‍റെ മുഖംമൂടി ധരിച്ച ആർജെഡി, സമാജ്‌വാദി പാർട്ടികൾ ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ട മുസ്‍ലിംകളുടെയും അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നില്ല. അതിനാൽ, ആർജെഡിയുടെയും എസ്പിയുടെയും സോഷ്യലിസത്തെ സോഷ്യലിസം എന്ന് വിളിക്കാൻ കഴിയില്ല. അതിനെ 'നമസ്‌വാദ്' എന്ന് വിളിച്ചാൽ അത് അതിശയോക്തിയാകില്ല," ബിജെപി എംപി സുധാൻഷു ത്രിവേദി ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. പുതുതായി പാസാക്കിയ വഖഫ് നിയമം 'ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക' എന്ന ആർജെഡി നേതാവിന്‍റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ത്രിവേദി.

"ബാബാ സാഹെബ് അംബേദ്കറുടെ ഭരണഘടന, അതിലെ ഏതെങ്കിലും വ്യവസ്ഥകൾ, ആരെങ്കിലും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് ബിജെപിയും എൻഡിഎ സഖ്യവും," അദ്ദേഹം പറഞ്ഞു. ''ഇന്‍ഡ്യാ മുന്നണിക്ക് പാര്‍ലമെന്‍റിനോടും ജുഡീഷ്യറിയോടും ബഹുമാനമില്ല" എന്ന വസ്തുതയുടെ പ്രതിഫലനമാണ് തേജസ്വി യാദവിന്‍റെ പരാമർശങ്ങളെന്ന് ത്രിവേദി ചൂണ്ടിക്കാട്ടി. "വോട്ട് ബാങ്കിന് വേണ്ടിയുള്ള ശ്രമത്തിൽ, ഭരണഘടനയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന 50 വർഷത്തെ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് തേജസ്വി യാദവും ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് നേതാക്കളും പറഞ്ഞിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച പറ്റ്നയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പടുകൂറ്റന്‍ പ്രതിഷേധ റാലി നടന്നിരുന്നു. രാജ്യത്തെ പ്രമുഖ മുസ് ലിം സാമൂഹിക-മത സംഘടനകളിലൊന്നായ ഇമാറത്തെ ശരീഅയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച ഗാന്ധി മൈതാനിയിലായിരുന്നു പ്രതിഷേധ റാലി.

'ഭരണഘടനയെ സംരക്ഷിക്കുക, വഖഫ് സ്വത്തുക്കളെ സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള റാലിയില്‍ മതപണ്ഡിതന്മാർ, സമുദായ- രാഷ്ട്രീയ നേതാക്കൾ, നിയമ വിദഗ്ധർ അടക്കം പ്രമുഖര്‍ പങ്കെടുത്തു. '' തുടക്കം മുതൽ തന്നെ ഞങ്ങൾ വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നുണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനം ബില്ലില്‍ പ്രകടമാണെന്നും ജനശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും റാലിയെ അഭിസംബോധന ചെയ്ത് ഇമാറത്തെ ശരീഅ തലവൻ മൗലാന ഫൈസൽ വാലി റഹ്മാനി പറഞ്ഞു.

TAGS :

Next Story