Quantcast

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതി: അന്വേഷണ റിപ്പോർട്ടിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി 30 കോടി നൽകിയ കമ്പനിയും

ആഫ്രോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ആരോപണം.

MediaOne Logo

Web Desk

  • Published:

    24 May 2025 4:51 PM IST

The Name of a Company that Donated Rs 30 Crore to BJP Surfaces in SAILs Steel Scam
X

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) യിൽ വൻ അഴിമതി നടക്കുന്നുവെന്നും ഇത് മൂലം കോടികളുടെ നഷ്ടമുണ്ടാവുന്നുവെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷങ്ങളിൽ നിരവധി പരാതികളാണ് ലോക്പാലിന് ലഭിച്ചത്. ഇതിൽ ചിലത് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ലോക്പാൽ സിബിഐക്ക് കൈമാറി. മറ്റു പരാതികൾ നേരിട്ടും സിബിഐ അന്വേഷണത്തിനായി വിട്ടു.

സിവിസി 2023 ജൂലൈയിൽ ലോക്പാലിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും 2024 ഒക്ടോബറിൽ സിബിഐ ഫയൽ ചെയ്ത എഫ്‌ഐആറിൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി കോടികൾ കൊടുത്ത ഒരു കമ്പനിയുടെ പേര് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്യൻ ഇന്ത്യൻ എകണോമി എന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാളിയാണ് എന്നാണ് ആപ്‌കോ ഇൻഫ്രാടെക് എന്ന ഈ കമ്പനി അവരുടെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്.

2025 മാർച്ച് 14ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ആപ്‌കോ ഇൻഫ്രാടെക് 2020 ജനുവരി 15നും 2023 ഒക്ടോബർ 12നും ഇടയിൽ 30 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് സ്വന്തമാക്കിയെന്നും ഇത് മുഴുവൻ ബിജെപി പണമാക്കി മാറ്റിയെന്നും പറയുന്നു. വെങ്കടേഷ് ഇൻഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സെയിലിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിൽ ആരോപണവിധേയരായ കമ്പനിയാണ് ആപ്‌കോ. സെയിലും ഈ കമ്പനികളും തമ്മിലുള്ള ബന്ധത്തിനെതിരെ ലോക്പാൽ 2024 ജനുവരി 10ന് രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

മറ്റു ഉപഭോക്താക്കളെ അപേക്ഷിച്ച് വെങ്കടേഷ് ഇൻഫ്രാ പ്രൊജക്ട്‌സ് കമ്പനിക്ക് കുറഞ്ഞ ചെലവിൽ മെറ്റീരിയൽ നൽകുന്നത് സെയിൽ ഉദ്യോഗസ്ഥർക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നും ഇത് സെയ്‌ലിന് പരമാവധി ലാഭം നേടാനുള്ള അവസരം നഷ്ടപ്പെടുത്തി എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ജസ്റ്റിസുമാരായ അഭിലാഷ കുമാരി, അർച്ചന രാമസുന്ദരം, മഹേന്ദർ സിങ് എന്നിവരുടെ പാനൽ പറഞ്ഞിരുന്നു.

നിർമാണ പ്രവർത്തനങ്ങൾ നടത്താത്ത നൂറിലധികം കമ്പനികൾക്ക് 1,100,000 മെട്രിക് ടണ്ണിലധികം സ്റ്റീൽ കുറഞ്ഞ വിലക്ക് വിറ്റു എന്നതാണ് സെയിലിനെതിരായ പ്രാഥമിക പരാതി. കൂടാതെ, ഈ കമ്പനികൾ സെയിലിൽ നിന്ന് വാങ്ങിയ സ്റ്റീൽ മറ്റ് സ്ഥാപനങ്ങൾക്ക് ഉയർന്ന വിലയ്ക്ക് വീണ്ടും വിറ്റു. ധാരണാപത്ര പ്രകാരം, സ്റ്റീൽ വാങ്ങുന്ന നിർമാണ കമ്പനികൾക്ക് സെയിൽ പലിശരഹിത വായ്പകൾ നൽകുന്നു. ഒരു കമ്പനി ഈ ആനുകൂല്യം വേണ്ടെന്ന് തീരുമാനിച്ചാൽ, ആ തുകക്ക് തുല്യമായ കിഴിവ് ലഭിക്കും. ഈ ക്രമക്കേടുകൾ കാരണം സെയിലിന് 400 കോടി രൂപയിലധികം നഷ്ടമുണ്ടായതായി ലോക്പാലിൽ സമർപ്പിച്ച പരാതികളിൽ പറയുന്നു.

വിഐപിപിഎൽ ആണ് ഈ അഴിമതി ആരോപണത്തിലെ പ്രധാനപ്പെട്ട കണ്ണി. ഈ കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയാരോപണങ്ങളിൽ ആപ്‌കോ കമ്പനിക്കും ബന്ധമുണ്ട്. ആപ്‌കോ നൽകിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, പ്രതിവർഷം 150,000 മെട്രിക് ടൺ സ്റ്റീൽ വിതരണം ചെയ്യുന്നതിനായി 2020 ഒക്ടോബർ 20ന് സെയ്ൽ വിഐപിപിഎല്ലുമായി കരാറിൽ ഏർപ്പെട്ടതോടെയാണ് കേസ് ആരംഭിക്കുന്നത്. ഒരു നിർമാണ കമ്പനിയുടെ പദവി ഇല്ലാതിരുന്നിട്ടും, നിയമാനുസൃത നിർമാണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വലിയ കിഴിവുകൾ വിഐപിപിഎല്ലിന് ലഭിച്ചതായി ആരോപിക്കപ്പെടുന്നു. നിർമാണാവശ്യങ്ങൾക്കായി വിഐപിപിഎൽ ഈ സ്റ്റീൽ ഉപയോഗിക്കുമെന്ന് കരാർ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കമ്പനി ഒരു നിർമാണ പ്രവർത്തനവും നടത്തിയിട്ടില്ല. അന്വേഷണ ഏജൻസികളുടെ അഭിപ്രായത്തിൽ വിഐപിപിഎൽ സെയിലിൽ നിന്ന് കുറഞ്ഞ വിലക്ക് സ്റ്റീൽ വാങ്ങി കൂടിയ വിലക്ക് മറിച്ചുവിൽക്കുകയായിരുന്നു.

2020 ഒക്ടോബർ 12ന് സ്ഥാപിതമായ ഒരു കമ്പനിയുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് സെയിൽ ഉദ്യോഗസ്ഥർ വേണ്ടത്ര പഠനം നടത്തിയില്ലെന്ന് സിവിസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാഴ്ച മാത്രം പ്രായമുള്ള ഒരു കമ്പനിക്കാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റീൽ നിർമാണ കമ്പനിയുമായി കരാർ ഒപ്പിട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നിർമാണപ്രവൃത്തികളിൽ വിഐപിപിഎൽ പങ്കാളിത്തം അന്വേഷിക്കാത്തത് കമ്പനിയുടെ എംഒയു നയത്തിൽ അത് ആവശ്യമില്ലാത്തതുകൊണ്ടാണ് എന്നാണ് സെയിലിന്റെ വാദം.

TAGS :

Next Story