അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് ദേശീയ അവാർഡ്; ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ അടക്കം 10 സംഘടനകൾക്ക്
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടിവെള്ള വിതരണം, അനാഥ സംരക്ഷണം, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്

ന്യൂഡൽഹി: അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് ഏർപ്പെടുത്തിയ അഞ്ചാമത് നാഷണൽ അവാർഡ് ഫോർ സോഷ്യൽ എക്‌സലൻസിന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ അടക്കം 10 സംഘടനകൾ അർഹരായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷൻ 2026ന്റെ പ്രായോജകരായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടിവെള്ള വിതരണം, അനാഥ സംരക്ഷണം, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നിരവധി എൻജിഒകളുടെ കൂട്ടായ്മയാണിത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദരിദ്ര വിഭാഗങ്ങൾക്കിടയിലാണ് ഫൗണ്ടേഷന്റെ ശ്രദ്ധാകേന്ദ്രങ്ങൾ.
ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് പുറമെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് (അർഷദ് മദനി) പബ്ലിക് ട്രസ്റ്റ്, സഹായത ട്രസ്റ്റ്, കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ഹുദവീസ് അസോസിയേഷൻ (ഹാദിയ), പയാമെ ഇൻസാനിയ്യത്ത് ഫൗണ്ടേഷൻ, പ്രസ്റ്റീജ് ഫൗണ്ടേഷൻ, ആൾ ഇന്ത്യ മേമൻ ജമാഅത്ത് ഫെഡറേഷൻ, ഇമാറത്ത് ശരീഅ (ബിഹാർ, ഒഡീഷ, ജാർഖണ്ഡ്), വെസ്റ്റ് ബംഗാൾ മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ആന്റ് ഫിനാൻസ് കോർപ്പറേഷൻ എന്നീ സംഘടനകളാണ് അവാർഡിന് അർഹരായത്.
ചെമ്മാട് ദാറുൽ ഹുദ ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ ഹുദവികളുടെ കൂട്ടായ്മയാണ് ഹാദിയ. അസം, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹാദിയയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Adjust Story Font
16

