Quantcast

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യില്ല

ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണു വിവരം

MediaOne Logo
നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യില്ല
X

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യില്ല. രാഹുലിന്റെ ആവശ്യം പരിഗണിച്ചാണ് ചോദ്യം ചെയ്യൽ മാറ്റിയത്. തിങ്കളാഴ്ച്ച ചോദ്യം ചെയ്യണമെന്ന രാഹുലിന്റെ ആഭ്യർത്ഥന ഇഡി അംഗീകരിച്ചു. സോണിയ ഗാന്ധിയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്.

മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്തത്. ഇന്നലെ ചോദ്യം ചെയ്യലുണ്ടായിരുന്നില്ല. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെയും പാർട്ടി ട്രഷറർ പവൻ ബൻസാലിനെയും മൊഴിയെടുക്കാനായി വിളിപ്പിച്ചു.

തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഒരു ദിവസത്തെ ഇടവേള നൽകി രാഹുൽ ഗാന്ധിയോട് ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകാനാണ് ഇ ഡി നിർദേശിച്ചിരുന്നത്. എന്നാൽ, ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന ആവശ്യം രാഹുൽ ഇഡിയെ അറിയിച്ചത്. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണു വിവരം.

തുടർച്ചയായുള്ള ചോദ്യം ചെയ്യൽ മുന്നിൽ കണ്ട് പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. എം.പിമാരെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കിയാൽ വീടുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഇതിനിടെ, ഡൽഹി പൊലീസ് കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് എം.പിമാർ രാജ്യസഭ അധ്യക്ഷനെയും ലോക്‌സഭ സ്പീക്കറെയും കണ്ട് പരാതി നൽകി. ഇന്ന് രാഷ്ട്രപതിക്കും പരാതി നൽകും.

കേന്ദ്രസർക്കാർ നടപടി കടുപ്പിക്കുമ്പോൾ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് എഐസിസി ആസ്ഥാനത്ത് ചേർന്ന നേതൃയോഗത്തിന്റെ തീരുമാനം. ഞായറാഴ്ച മുഴുവൻ എംപിമാരോടും ഡൽഹിയിൽ എത്താൻ കോൺഗ്രസ് ആവശ്യപ്പട്ടു. എംപിമാരുടെ ഔദ്യോഗിക വസതികളിൽ പത്ത് പ്രവർത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്നലെ ഉപരോധിച്ചിരുന്നു.

National Herald Case: Rahul Gandhi will not be questioned by ED today


TAGS :

Next Story