Quantcast

'ഇനിയെന്ത് ചെയ്യുമെന്ന ആധിയാണ് എല്ലാവർക്കും': അംഗീകാരം നഷ്ടപ്പെട്ട വൈഷ്ണോ ദേവി കോളജിലെ അധ്യാപകർ

പ്രവേശനം നേടിയ 50ൽ 44 പേരും മുസ്‌ലിം വിദ്യാർഥികളായതിനെതിരെ പ്രതിഷേധവുമായി ബിജെപി, ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-01-09 06:05:42.0

Published:

9 Jan 2026 11:34 AM IST

ഇനിയെന്ത് ചെയ്യുമെന്ന ആധിയാണ് എല്ലാവർക്കും: അംഗീകാരം നഷ്ടപ്പെട്ട വൈഷ്ണോ ദേവി കോളജിലെ അധ്യാപകർ
X

ന്യൂഡൽഹി: ആദ്യഘട്ട പ്രവേശനത്തില്‍ 50ല്‍ 44പേരും മുസ്‌ലിം വിദ്യാര്‍ഥികളായതിനെ തുടര്‍ന്നുണ്ടായ ബിജെപി പ്രതിഷേധത്തില്‍ എന്‍എംസിയുടെ അംഗീകാരം നഷ്ടപ്പെട്ടതോടെ അനിശ്ചിതത്വത്തിലായി വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജിലെ അധ്യാപകര്‍. പുതിയ അധ്യയന വര്‍ഷത്തെ വര്‍ണാഭമായ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകമാണ് ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഭാവിയിലേക്ക് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവന്നത്.

എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍ 50ല്‍ 44 പേരും മുസ്‌ലിം വിദ്യാര്‍ഥികളായിരുന്നു. ഇതിന് പിന്നാലെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തു. പ്രാദേശിക തലത്തില്‍ പ്രതിഷേധം കനത്തതോടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഇടപെടല്‍. സാങ്കേതിക കാരണങ്ങളാലാണ് അംഗീകാരം റദ്ദാക്കിയതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ അപര്യാപ്തതകളെ തള്ളിക്കളഞ്ഞ കോളജ് അധ്യാപകര്‍, കേന്ദ്ര ഭരണപ്രദേശത്തെ മികച്ച കോളജുകളിലൊന്നാണ് വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജെന്ന് ആവര്‍ത്തിച്ചു.

'ഒരുപാട് കഠിനാധ്വാനങ്ങളുടെയും നിക്ഷേപങ്ങളുടെയും ഫലമായി നേടിയെടുത്തതാണ് കോളജിന്റെ അനുമതി. ഏറ്റവും മികച്ച കാമ്പസ് അന്തരീക്ഷവും അധ്യാപകരും ഞങ്ങള്‍ക്കുണ്ട്. ഒരു മെഡിക്കല്‍ കോളജിന് അടിസ്ഥാനപരമായി ആവശ്യമുള്ളതെല്ലാം തങ്ങളുടെ പക്കലുണ്ട്'. കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മുതിര്‍ന്ന അധ്യാപകന്‍ വ്യക്തമാക്കി.

'സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളെല്ലാം വിട്ടെറിഞ്ഞ 150ലേറെ ജീവനക്കാര്‍ ഞങ്ങളോടൊപ്പമുണ്ട്. മുന്നോട്ടുള്ള പാതയില്‍ ഇനിയെന്ത് ചെയ്യുമെന്ന ആധിയാണ് എല്ലാവരുടെയും ഉള്ളില്‍'. മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.

കമ്മീഷന്റെത് അസാധാരണമായ ധൃതിയായിരുന്നുവെന്നും പ്രോട്ടോക്കോള്‍ പ്രകാരം ഷോക്കേസ് നോട്ടീസെങ്കിലും അയക്കാമായിരുന്നില്ലേയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ജനുവരി ആറിനാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഉത്തരവിറക്കിയത്. കോഴ്സിന് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ഭരണപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗകര്യമൊരുക്കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

നേരത്തേ, 2025- 26 അധ്യയന വര്‍ഷത്തെ ശ്രീ മാതാ വൈഷ്ണോ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്സലന്‍സില്‍ ആദ്യമായാണ് എംബിബിഎസ് ബാച്ച് ആരംഭിക്കുന്നത്. അഡ്മിഷന്‍ ലഭിച്ച ആകെയുള്ള 50 സീറ്റുകളില്‍ 42 പേരും മുസ്ലിം വിദ്യാര്‍ഥികളായിരുന്നു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു പ്രവേശന നടപടികളെല്ലാം. 85 ശതമാനം സീറ്റുകള്‍ ജമ്മു കശ്മീര്‍ സ്വദേശികള്‍ക്കും ബാക്കി 15 ശതമാനം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും എന്ന നിലയ്ക്കായിരുന്നു സീറ്റുകളിലെ ആകെ സംവരണം.

എന്നാല്‍, കോഴ്സില്‍ 42 സീറ്റുകളിലേക്ക് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചത് ഹിന്ദുത്വ സംഘങ്ങളെ പ്രകോപിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് ഇരച്ചുകയറുകയും വൈഷ്ണോ ദേവി ക്ഷേത്ര ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കോലം കത്തിക്കുകയും ചെയ്തു. മുസ്ലിം വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ റദ്ദാക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്തു. തുടര്‍ന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നടപടി.

TAGS :

Next Story