Quantcast

'മാപ്പ്': അഞ്ജന കൃഷ്ണ ഐപിഎസിന്റെ യോഗ്യത 'തെരഞ്ഞ' എൻസിപി നേതാവ് പോസ്റ്റ് പിന്‍വലിച്ചു

അജിത് പവാർ വിഭാഗം എൻസിപി നേതാവും എംഎൽസിയുമായ അമോൽ മിത്കാരിയാണ് തന്റെ കമന്റുകളെല്ലാം പിൻവലിച്ച് മാപ്പ് പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    7 Sept 2025 12:07 PM IST

മാപ്പ്: അഞ്ജന കൃഷ്ണ ഐപിഎസിന്റെ യോഗ്യത തെരഞ്ഞ എൻസിപി നേതാവ് പോസ്റ്റ് പിന്‍വലിച്ചു
X

അജിത് പവാര്‍- അഞ്ജന കൃഷ്ണ ഐപിഎസ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ഇടഞ്ഞ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയുടെ യോഗ്യത തെരഞ്ഞ എൻസിപി നേതാവ് മാപ്പ് പറഞ്ഞു.

അജിത് പവാർ വിഭാഗം എൻസിപി നേതാവും എംഎൽസിയുമായ അമോൽ മിത്കാരിയാണ് തന്റെ കമന്റുകളെല്ലാം പിൻവലിച്ച് മാപ്പ് പറഞ്ഞത്. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ, ജാതി സർട്ടിഫിക്കറ്റുകളെ ചോദ്യം ചെയ്തായിരുന്നു അമോൽ മിത്കാരി രംഗത്ത് എത്തിയിരുന്നത്. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ, ജാതി സർട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ യുപിഎസ്‌സിയിൽ നിന്ന് തേടിയതായും അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.

പിന്നാലെ പ്രതിപക്ഷം രംഗത്ത് എത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ലക്ഷ്യമിട്ടതിന് എൻ‌സി‌പി (എസ്‌പി) എംപി സുപ്രിയ സുലെയും കോൺഗ്രസ് നേതാവ് യശോമതി താക്കൂറും രൂക്ഷമായാണ് വിമര്‍ശിച്ചത്. അപകടം മണത്തതിന് പിന്നാലെയാണ് മിത്കാര്‍ സ്വരം മാറ്റിയത്.

'എന്റെ പാർട്ടിയുടെ നിലപാടല്ല, വ്യക്തപരമായ കാര്യമാണ് പറഞ്ഞത്. പൊലീസ് സേനയോടും സത്യസന്ധമായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരോടും എനിക്ക് ബഹുമാനമേയുള്ളൂ'- അദ്ദേഹം വ്യക്തമാക്കി. സോളാപൂർ സംഭവത്തെക്കുറിച്ചുള്ള ട്വീറ്റ് പിൻവലിച്ച് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയപ്പോഴാണ് അഞ്ജന കൃഷ്ണയെ അജിത് പവാർ ഫോണിൽ വിളിക്കുന്നത്. ഒരു എൻസിപി പ്രവർത്തകന്റെ ഫോണിലാണ് അജിത് പവാർ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികൾ നിർത്തിവെക്കണമെന്നുമാണ് അജിത് പവാർ ആദ്യം ഫോണിലൂടെ പറഞ്ഞത്.

എന്നാൽ, അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ അഞ്ജനക്ക് കഴിഞ്ഞില്ല. അതിനാൽ തന്റെ നമ്പരിലേക്ക് വിളിക്കാനും ഇവർ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. 'നിങ്ങൾക്കെതിരേ ഞാൻ നടപടി സ്വീകരിക്കും' എന്ന് അജിത് പവാർ പിന്നീട് ഉദ്യോഗസ്ഥയോട് പറഞ്ഞു. ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു.

TAGS :

Next Story