Quantcast

'വിമർശനങ്ങള്‍ക്കിടയിലും മോദിയുടെ ജനപ്രീതി വർധിച്ചു; ഇ.വി.എമ്മിൽ വിശ്വാസം'; നിലപാട് മാറ്റവുമായി അജിത് പവാറും

'രാഷ്ട്രീയത്തിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പാർട്ടി വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.'

MediaOne Logo

Web Desk

  • Updated:

    2023-04-09 03:12:51.0

Published:

9 April 2023 3:10 AM GMT

NCPleaderpraisesNarendraModi, NCPleaderAjitPawarpraisesModi, NCPtoNDA?, AjitPawaronEVM
X

മുംബൈ: അദാനി വിഷയത്തിൽ പ്രതിപക്ഷ നിലപാടിനു വിരുദ്ധമായി എൻ.സി.പി തലവൻ ശരത് പവാർ രംഗത്തെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന നേതാവ് അജിത് പവാറും. മോദിയുടെ നേതൃത്വത്തിലാണ് 2014ൽ ബി.ജെ.പി അധികാരത്തിലെത്തുന്നതും കുഗ്രാമങ്ങളിലടക്കം പാർട്ടി പ്രചരിക്കുന്നതുമെന്ന് അജിത് പവാർ പറഞ്ഞു. രാഷ്ട്രീയത്തിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ(ഇ.വി.എം) കൃത്രിമം കാണിക്കാൻ ഒരു വ്യക്തിക്കു മാത്രമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസയോഗ്യത വിവാദത്തിലും സവർക്കർ വിഷയത്തിലും മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ് കൂടിയായ അജിത് പവാർ. 'വിദ്യാഭ്യാസയോഗ്യതയ്ക്ക് രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല. മോദിക്കു കീഴിലാണ് 2014ൽ ബി.ജെ.പി അധികാരം പിടിക്കുന്നതും രാജ്യത്തെ കുഗ്രാമങ്ങളിലേക്കടക്കം വ്യാപിക്കുന്നതും.'-പവാർ ചൂണ്ടിക്കാട്ടി.

മോദിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി വിവിധ സംസ്ഥാനങ്ങളിൽ ജയിക്കുകയും 2019ൽ വിജയം ആവർത്തിക്കുകയും ചെയ്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അദ്ദേഹത്തിനെതിരെ ഒരുപാട് പ്രസ്താവനകൾ വന്നു. എന്നാൽ, മോദിയുടെ ജനപ്രീതി വർധിക്കുക മാത്രമാണുണ്ടായതെന്നും അജിത് പവാർ അഭിപ്രായപ്പെട്ടു.

ഇ.വി.എമ്മിൽ കൃത്രിമം നടത്തിയാണ് ബി.ജെ.പി വിജയിക്കുന്നതെന്ന ശിവസേന ഉദ്ദവ് താക്കറെ വിഭാഗം മുഖപത്രം 'സാംന'യിലെ മുഖപ്രസംഗത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. 'ഇ.വി.എമ്മിൽ എനിക്കു വിശ്വാസമുണ്ട്. ഒറ്റൊരാൾക്ക് ഇ.വി.എമ്മിൽ കൃത്രിമം കാണിക്കാനാകില്ല. അതൊരു വലിയ സംവിധാനമാണ്. എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പാർട്ടി വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം ജനവിധിയാണെന്ന് മനസ്സിലാക്കണം.'-അദ്ദേഹം ആവശ്യപ്പെട്ടു.

ഇ.വി.എമ്മുകൾ തകരാറിലായിരുന്നെങ്കിൽ ചത്തിസ്ഗഢ്, ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാരുണ്ടാക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ പോലൊരു വലിയ രാജ്യത്തെ ഇ.വി.എം സംവിധാനത്തിൽ ഒരാൾക്കുമാത്രം കൃത്രിമം നടത്താനാകില്ല. ഇ.വി.എമ്മിൽ കൃത്രിമം നടന്നെന്ന് എങ്ങനെയെങ്കിലും തെളിഞ്ഞാൽ രാജ്യത്ത് വലിയ അരാജകത്വമുണ്ടാകുമെന്നും അജിത് പവാർ കൂട്ടിച്ചേർത്തു. അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ തീരുമാനിച്ച ബംഗ്ലാദേശ് തീരുമാനത്തെ അഭിനന്ദിച്ചായിരുന്നു 'സാംന' മുഖപ്രസംഗം.

അദാനി വിഷയത്തിൽ സംയുക്ത പാർലമെന്റ് സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കഴിഞ്ഞ ദിവസം ശരത് പവാർ തള്ളിക്കളഞ്ഞിരുന്നു. 'വിഷയത്തിൽ പാർലമെന്റിൽ വലിയ തർക്കമുണ്ടായി. അനാവശ്യമായ പ്രാധാന്യമാണ് ഇതിനു നൽകുന്നത്. രാജ്യത്തുടനീളം കുഴപ്പം സൃഷ്ടിക്കുന്ന വിഷയം ഉയർത്തുമ്പോൾ അത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കൂടിയാണ് ബാധിക്കുക.'-എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖ്യത്തിൽ ശരത് പവാർ വ്യക്തമാക്കി.

Summary: NCP's Ajit Pawar praises PM Modi, says under his leadership BJP reached remote places. The Maharashtra Opposition leader also clarified that he trust EVMs and a single person cannot manipulate them

TAGS :

Next Story